തിരുവനന്തപുരം : കേരളത്തില്‍ മത്സരത്തിനെത്താന്‍ താത്‌പര്യമുണ്ടെന്ന് അര്‍ജന്‍റീന ഫുട്ബോൾ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി വി അബ്‌ദുറഹിമാന്‍. മത്സരത്തിന് താത്പര്യം അറിയിച്ചുകൊണ്ടുള്ള അർജന്‍റീനയുടെ ഔദ്യോഗിക കത്ത് ലഭിച്ചാല്‍ ഉടന്‍ തുടർ നടപടികളിലേക്ക് കടക്കുമെന്നും കായിക മന്ത്രി വ്യക്‌തമാക്കി.
അർജന്‍റീന താത്പര്യ പത്രം നൽകിയാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്തും. മത്സരം നടത്താൻ അനുയോജ്യമായ മൈതാനങ്ങൾ കേരളത്തിലുണ്ട്. മത്സരവുമായി ബന്ധപ്പെട്ട നടപടികളുമായി കേരളം മുന്നോട്ട് പോകുന്നത് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ആലോചിച്ചാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി അർജന്‍റീന എംബസിയിൽ നേരിട്ട് പോയിരുന്നു. ടീം കേരളത്തിലേക്ക് വരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്‍റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി നേരിട്ടെത്തി ആശംസകൾ അറിയിച്ചതെന്നും അബ്‌ദുറഹിമാന്‍ പറഞ്ഞു.
അർജന്‍റീനയുമായുള്ള മത്സരം ആകുമ്പോൾ ഫണ്ട് സ്വരൂപിക്കുന്നതിൽ പ്രശ്‌നം ഉണ്ടാകില്ല. കേരളത്തില്‍ ഫുട്‌ബോള്‍ നടത്തുകയാണെങ്കില്‍ സഹായിക്കാമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറയുന്നുണ്ട്. അർജന്‍റീന ടീമിന്‍റെ മാനേജർമാരാണ് ടീമിന് കേരളത്തിലേക്ക് വരാൻ താത്പര്യമുണ്ടെന്ന് അറിയിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ALSO READ :Argentina| അർജന്‍റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും, മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാര്‍: വി അബ്‌ദുറഹ്‌മാന്‍
'മെസി വരണ്ട, കൈയ്യിൽ കാശില്ല' : അടുത്തിടെയാണ് ഇന്ത്യയിൽ കളിക്കാൻ താത്പര്യമുണ്ടെന്ന് കാട്ടി അർജന്‍റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ മുന്നോട്ടുവച്ച അസുലഭ ഓഫർ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചുവെന്നുള്ള വാർത്തകൾ പുറത്തുവന്നത്. സൗഹൃദ മത്സരത്തിനായി മെസിയും സംഘവും ഇന്ത്യയിലെത്താമെന്നായിരുന്നു ഓഫർ.
എന്നാൽ അർജന്‍റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ ആവശ്യപ്പെട്ട പണം നൽകാൻ ഇല്ല എന്ന കാരണം കാട്ടി ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ അത് നിരസിക്കുകയായിരുന്നു. ജൂൺ 12-നും ജൂൺ 20-നും ഇടയില്‍ ഒഴിവുള്ള രണ്ട് സ്ലോട്ടുകളില്‍ ഇന്ത്യയില്‍ വച്ച് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ഓഫറായിരുന്നു അര്‍ജന്‍റീന മുന്നോട്ടുവച്ചത്.
കഴിഞ്ഞ വര്‍ഷം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ലഭിച്ച പിന്തുണയുടെ ഭാഗമായി ദക്ഷിണേഷ്യയിൽ മത്സരങ്ങള്‍ കളിക്കാനുള്ള താത്പര്യത്തിന്‍റെ ഭാഗമായിരുന്നു അര്‍ജന്‍റീനയുടെ ഓഫര്‍. എന്നാല്‍ ഇതിനായി ആവശ്യപ്പെട്ട തുക താങ്ങാവുന്നതിന് അപ്പുറമാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഐഎഫ്‌എഫ്) സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ പ്രതികരിച്ചതായാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തത്.
32 കോടിക്ക് മുകളിലാണ് അർജന്‍റീന ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റാങ്കിങ്ങിൽ പിന്നിലുള്ള ഇന്ത്യ അർജന്‍റീനയോട് കളിച്ചാൽ ഫലം ദയനീയമാകുമോ എന്ന ആശങ്കയും എഐഎഫ്‌എഫ് പങ്കുവെച്ചിരുന്നു. അതേസമയം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.
ALSO READ :'മെസിയും അര്‍ജന്‍റീനയും വരും; വരണ്ട തരാൻ കാശില്ലെന്ന് ഇന്ത്യ'....ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്
ഇന്ത്യയെക്കൂടാതെ ബംഗ്ലാദേശിനും അർജന്‍റീന സൗഹൃദ മത്സരം കളിക്കാനുള്ള ഓഫർ നൽകിയിരുന്നു. എന്നാൽ ഇരു കൂട്ടരും തയ്യാറാകാത്തതോടെ അർജന്‍റീന ചൈനയിലും ഇന്തോനേഷ്യയിലും കളിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സൗഹൃദ മത്സരത്തിനായി അർജന്‍റീനയെ കായിക മന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്‌തത്. താത്‌പര്യം അറിയിച്ച് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയയ്ക്കാണ് മന്ത്രി കത്തയച്ചത്.