തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ കേസിൽ സുപ്രീംകോടതി ചാൻസലറുടെ സ്വതന്ത്ര അധികാരത്തെ കുറിച്ച് ഓർമിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സർവ്വകലാശാലകളിലേക്ക് സ്ഥിരം വിസി മാരെ നിയമിക്കാനുള്ള നടപടികളിലേക്ക് ഒരുങ്ങി ഗവർണർ മുഹമ്മദ്ഖാൻ (appointing permanent VCs in universities).
ഇതിന്‍റെ ഭാഗമായി സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ട് 9 സർവ്വകലാശാലകൾക്ക് ഗവർണർ കത്ത് നൽകും. നിലവിൽ വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസിലറുടെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, യൂണിവേഴ്‌സിറ്റിയുടെ പ്രതിനിധി എന്നിങ്ങനെ മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് ആവശ്യം. ഇതിൽ യുജിസിയുടെ പ്രതിനിധിയെയും ചാൻസിലറുടെ പ്രതിനിധിയെയും ഗവർണർക്ക് നൽകാം.
സെലക്‌ട് അംഗങ്ങൾ നിയോഗിക്കുന്ന പ്രതിനിധിയാണ് സെർച്ച് കമ്മിറ്റിയിലേക്ക് പരിഗണിക്കുക. നിലവിൽ കാലിക്കറ്റ് കേരള സർവകലാശാലകളിലേക്ക് ഗവർണർ നിയമിച്ച പുതിയ സെലക്‌ട് മെമ്പർമാർ പൂർണ്ണ സംഘപരിവാർ പ്രവർത്തകരാണെന്ന പ്രതിഷേധം ഇടതുപക്ഷം ഉയർത്തുന്നുണ്ട്.
കണ്ണൂർ, കേരള, എം ജി, കുസാറ്റ്, ഫിഷറീസ്, മലയാളം, കെ ടി യു, കാർഷികം, നിയമം എന്നീ സർവകലാശാലയിലാണ് നിലവിൽ സ്ഥിരം വിസി മാർ ഇല്ലാത്തത്.
സുപ്രീം കോടതി വിധി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം സുപ്രീം കോടതി നവംബര്‍ 30 ന് റദ്ദാക്കിയിരുന്നു. 2021 നവംബറില്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച് കൊണ്ടുള്ള ഉത്തരവാണ് സുപ്രീം കോടതി റദ്ദ് ചെയ്‌തത്. കേരള സര്‍ക്കാരിന്‍റേത് ചട്ട വിരുദ്ധ ഇടപെടലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങി എന്നും സുപ്രീം കോടതി വ്യക്തമാക്കി.