തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ ഇന്ന് രാവിലെ 10 മണി മുതൽ ബുധനാഴ്‌ച (ജൂലൈ 12) വൈകുന്നേരം വരെ. സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ, ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർ സീറ്റ് ഒഴിവുള്ള സ്‌കൂളുകൾ കണ്ടെത്തി പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കി നൽകണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും പുതുതായി അപേക്ഷ നൽകാനും ഇതിലൂടെ അവസരമുണ്ട്.
സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ ശ്രദ്ധിക്കേണ്ടത്
- മുഖ്യ അലോട്ട്മെന്‍റിൽ അപേക്ഷിച്ചിട്ട് അലോട്ട്മെന്‍റ് ലഭിക്കാത്തവർ കാൻഡിഡേറ്റ് ലോഗിനിലെ RENEW APPLICATION എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാൻ.
- അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്‍റ് അർഹത ലഭിക്കാത്ത വിദ്യാർഥികളും RENEW APPLICATION എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി അപേക്ഷ സമർപ്പിക്കണം.
- ഇതുവരെയും അപേക്ഷ നൽകാത്തവർ Candidate Login SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ രൂപീകരിക്കണം. തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഓൺലൈൻ എന്ന ലിങ്കിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ.
- സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി സ്‌കൂളുകളിൽ മിച്ചമുള്ള സീറ്റുകളുടെ വിശദാംശം രാവിലെ ഒന്‍പത് മണിയോടെ ഹയർ സെക്കൻഡറി വകുപ്പിന്‍റെ https://hscap.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് പരിശോധിച്ച് വേണം പുതിയ അപേക്ഷ നൽക്കേണ്ടത്.
സ്പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട എന്നിവയിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരം സ്‌കൂളിൽ ചേരാനുള്ള അവസരം ഇന്നലെ അവസാനിച്ചു. നിലവിൽ മെറിറ്റ്, സ്പോർട്‌സ്, മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി തുടങ്ങിയ ഏതെങ്കിലും വിഭാഗത്തിൽ പ്രവേശനം ലഭിച്ചവർക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് അപേക്ഷിക്കാൻ അനുമതിയില്ല. അലോട്ട്മെന്‍റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാക്കാത്തവർക്കും മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്‌തവർക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ അപേക്ഷിക്കാൻ അനുമതിയില്ല.
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്‍റിന് ശേഷവും മിച്ചമുള്ള സീറ്റുകളാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ പ്രധാനമായും പരിഗണിക്കുന്നത്. 38,628 സീറ്റുകളാണ് ഈ ഇനത്തിൽ നിലവിലുള്ളത്. വിദ്യാർഥികൾക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് അപേക്ഷിക്കുന്നതിനും നേരത്തെ നൽകിയ അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് വേണ്ട സഹായങ്ങൾ ഒരുക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.