തിരുവനന്തപുരം :എഐ ക്യാമറ പദ്ധതിയുടെ നടത്തിപ്പിന് തടസ്സമാകുന്ന ഒന്നും ഹൈക്കോടതി വിധിയിൽ ഉണ്ടായിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വിധി സർക്കാരിനെതിരല്ല. തങ്ങൾക്ക് അനുകൂലമായി എന്തോ ഹൈക്കോടതിയിൽ നിന്നുണ്ടായി എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും അത് വെറുതെ നിലനിൽപ്പിനായി ചെയ്യുന്നതാണെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷത്തെ വിമര്‍ശിച്ച് :പദ്ധതി നിർത്തിവയ്ക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ ഹൈക്കോടതി ഇത് അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. പ്രതിപക്ഷ അഭിഭാഷകരുടെ വാദം കേൾക്കുക മാത്രമാണ് ഹൈക്കോടതി ചെയ്‌തതെന്നും ആരോപണങ്ങൾക്ക് തെളിവ് കൊണ്ടുവരാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആന്‍റണി രാജു പറഞ്ഞു. ഇതിനെ സർക്കാരിനുള്ള തിരിച്ചടിയായി ചിത്രീകരിക്കാനാവുക എങ്ങനെയാണെന്നും മന്ത്രി ചോദിച്ചു.
നിലവിൽ സെപ്റ്റംബറിൽ മാത്രമാണ് ഗതാഗത വകുപ്പ് പണം നൽകേണ്ടത്. ഹൈക്കോടതി മൂന്ന് ആഴ്‌ചത്തേക്കാണ് പണം നൽകുന്നത് തടഞ്ഞിരിക്കുന്നത്. ഹൈക്കോടതിയിൽ സർക്കാർ എല്ലാ വിവരങ്ങളും അറിയിക്കുമെന്നും എഐ പദ്ധതിയിൽ എല്ലാ വശവും പരിശോധിച്ച ശേഷം സമഗ്രമായ കരാറിൽ ഒപ്പിടാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ സമഗ്രമായ കരാർ ഒപ്പിട്ട ശേഷമേ പണം നൽകൂ. പദ്ധതിയിൽ ഒരു അഴിമതിയും നടന്നിട്ടില്ല എന്നാണ് ഗതാഗത മന്ത്രി എന്ന നിലയിൽ താൻ മനസിലാക്കിയിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പദ്ധതിയില്‍ വിശദീകരണം :ഒരു സർക്കാരിതര കമ്പനിയുമായും കരാർ ഒപ്പിട്ടിട്ടില്ല. സർക്കാരിന്‍റെ തന്നെ സ്ഥാപനമായ കെൽട്രോണും ഗതാഗത വകുപ്പും തമ്മിലാണ് സർവീസ് എഗ്രിമെന്‍റ് ഉണ്ടാക്കിയിരിക്കുന്നത്. കെല്‍ട്രോണുമായി സമഗ്ര കരാർ ഏര്‍പ്പെടുന്നതിന് മുമ്പ് വിശദമായ പരിശോധന എന്നാണ് സർക്കാർ നിലപാടെന്നും ഒരു അഴിമതിയും പദ്ധതിയിൽ നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.