ആന്‍റണി രാജു മാധ്യമങ്ങളോട് തിരുവനന്തപുരം :വിദ്യാർഥികളുടെ കൺസഷൻ തുക വർദ്ധനക്ക് സർക്കാർ എതിരല്ലെന്നും അനവസരത്തിൽ പണിമുടക്ക് നടത്തിയാൽ നഷ്‌ടം ബുസുടമകൾക്ക് തന്നെയെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള സ്വകാര്യ ബസുകളുടെ സൂചന പണിമുടക്കുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമായി മാത്രമാണുള്ളത്. പണിമുടക്കിനോട് സഹകരിക്കാത്ത ബസുകൾ വിവിധ ജില്ലകളിൽ സർവീസ് നടത്തുന്നുണ്ട്. പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ഇതിനായി കൂടുതൽ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
നിലവിലെ പണിമുടക്ക് അനവസരത്തിലാണ്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക എന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൺസഷൻ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി സർക്കാർ പ്രത്യക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ബസുടമകളുടെ ആവശ്യം അനാവശ്യമെന്ന അഭിപ്രായമില്ല.
ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നതിനുശേഷമാണ് ടിക്കറ്റ് നിരക്കിൽ വലിയ വർധനവ് നൽകിയെന്നും മന്ത്രി പറഞ്ഞു. ‘'ഈ സർക്കാരാണ് ചരിത്രത്തിലെ ഏറ്റവും വലിയ ടിക്കറ്റ് നിരക്ക് വർധനവ് നൽകിയത്. കൊവിഡ് കാലത്തുപോലും വർധനവ് ഉണ്ടായിരുന്നു. നാല് വർഷത്തിനിടെ രണ്ട് പ്രാവശ്യമാണ് സ്വകാര്യ ബസുകൾക്കു ടിക്കറ്റ് നിരക്ക് വർധിപ്പിച്ചുകൊടുത്തത്. വിദ്യാർഥികളുടെ ടിക്കറ്റ് ചാർജ് വർധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചപ്പോൾ തന്നെയുണ്ടായ പ്രതിഷേധം എല്ലാവരും കണ്ടതാണ്. അത്തരത്തിലൊരു സാഹചര്യം മുഖവിലക്കെടുക്കാതെ പണിമുടക്ക് നടത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതെല്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല സീസൺ വരാനിരിക്കെ നവംബർ 15 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. ശബരിമല സീസണിലെ വലിയ യാത്രതിരയ്‌ക്ക് മുന്നിൽ കണ്ടാണ് ബസുടമകൾ ഇത്തരത്തിലൊരു അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. എന്നാൽ ശരിയായ തീരുമാനമെടുക്കാൻ സ്വകാര്യ ബസുടമകൾ തയ്യാറാകണം. സർക്കാർ എടുത്ത് ചാടി തീരുമാനമെടുത്താൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഏത് സമയത്തും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ALSO READ :Private Bus Strike Kerala | സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു, സമരം അർധരാത്രി വരെ