തിരുവനന്തപുരം : എഐ ക്യാമറ (AI Camera) വഴി പിഴയിനത്തിൽ ഇതുവരെ 14.88 കോടി രൂപ ലഭിച്ചെന്നും ക്യാമറ പ്രവർത്തനം തുടങ്ങി സെപ്റ്റംബർ 30 വരെ 62,67,853 നിയമലംഘനങ്ങള്‍ (Traffic Violation) കണ്ടെത്തിയെന്നും ഗതാഗത മന്ത്രി (Transport Minister) ആന്‍റണി രാജു (Antony Raju). എഐ ക്യാമറയുടെ ട്രയൽ റണ്ണിൽ (AI Camera Trial Run) ദിനംപ്രതി 4.5 ലക്ഷം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇപ്പോഴത് 44,623 ശരാശരി നിയമലംഘനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു (Antony Raju On AI Camera Status).
സെപ്‌റ്റംബർ മാസം എംപി / എംഎല്‍എമാർ 56 തവണ നിയലംഘനം നടത്തിയിട്ടുണ്ട്. ഇതുവരെ 102 കോടി ചെലാൻ നൽകിയെന്നും മന്ത്രി വിശദമാക്കി. അതായത് ജൂൺ- 18.77, ജൂലൈ- 13.67, ഓഗസ്‌റ്റ്-18.89, സെപ്‌റ്റംബര്‍-13.38 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം നവംബർ ഒന്ന് മുതൽ കെഎസ്‌ആർടിസി ഉൾപ്പടെ എല്ലാ വലിയ വാഹനങ്ങളിലെയും ഡ്രൈവർ, സഹയാത്രികൻ എന്നിവര്‍ക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. 1994 ലെ നിയമം അനുസരിച്ച് അന്യസംസ്ഥാന വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും മന്ത്രി ഓർമിപ്പിച്ചു.
കണക്കുകള്‍ ശരി തന്നെ :നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പൊലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും ലഭിച്ചവ തന്നെയാണെന്നും കണക്കിൽ മാറ്റംവരുമെന്ന് അന്നുതന്നെ നിയമസഭയിൽ അറിയിച്ചിരുന്നുവെന്നും മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. ഹൈക്കോടതിയിൽ മോട്ടോർ വാഹന വകുപ്പ് നൽകിയ കണക്കും നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കും വ്യത്യസ്‌തമാണെന്നും ഗതാഗത വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നുമുള്ള പ്രതിപക്ഷ വാദത്തില്‍ വിശദീകരണം നൽകുകയായിരുന്നു മന്ത്രി.