തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിനുള്ള യാത്രയ്ക്കായി ഒരു കോടി രൂപയിലധികം ചെലവിട്ട് പുതിയ ബസ് വാങ്ങുന്നതില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. യാത്ര ചെലവ് കുറയ്ക്കുന്നതിനാണ് പുതിയ ബസ് വാങ്ങുന്നതെന്ന് മന്ത്രി വിശദീകരിച്ചു (Minister Antony Raju Explains Use of Luxury Bus In Navakerala Sadas Will Reduce Cost). യാത്രയ്ക്കായി വാങ്ങുന്നത് സാധാരണ ബെൻസ് വാഹനമാണെന്നും, ശുചിമുറി അധികമായി ഉണ്ട് എന്നതൊഴിച്ചാൽ മറ്റൊരു ആഡംബരവും അതിലില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്കോർട്ട് വാഹനങ്ങളും ഉൾപ്പടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കുമെന്നും, മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ പോകുമ്പോൾ അത്രയും ചെലവ് കുറയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ ചെലവ് കുറയ്ക്കാനാണ് ഈ ബസ് വാങ്ങിയത്. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ഇതിലും കൂടുതലാകും ചെലവ്. നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
'പതിനെട്ടാം തീയതി ബസ് കാസർകോട് നിന്ന് പുറപ്പെടും. എവിടെയാണ് പണിയുന്നതെന്ന് പറയേണ്ട കാര്യമില്ല. ബാംഗ്ലൂരിൽ നിന്നാണ് പുതിയ ബസ് വരുന്നത് എന്ന ആരോപണം തെറ്റാണ്. ബെൻസിന്‍റെ 21 സീറ്റുകളുള്ള ബസാണ് യാത്രയ്ക്കായി ഒരുക്കുന്നത്. ബസിൽ ശുചിമുറി സൗകര്യം ഒരുക്കും. അല്ലാതെ മറ്റ് ആഡംബരങ്ങൾ ഒന്നുമുണ്ടാകില്ല. നവ കേരള സദസിന്‍റെ ആവശ്യം കഴിഞ്ഞാൽ ടൂറിസം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഈ ബസ് ഉപയോഗിക്കാനാകും' - മന്ത്രി പറഞ്ഞു.