തിരുവനന്തപുരം :ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യൂസ്, ഡിവൈ.എസ്.പി കെ.ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പരിഗണിക്കുന്നത് അഞ്ചാം വട്ടവും മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് ബുധനാഴ്‌ച ഹൈക്കോടതിയില്‍ മറ്റൊരു കേസ് കാരണം ഹാജരാകാൻ കഴിയാത്തതിനാലാണ് കോടതി ഇത്തവണ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് ഓഗസ്റ്റ് 10 ലേക്ക് മാറ്റിയത്.
കൂടുതല്‍ വായനക്ക്:- ഐ.എസ്.ആർ.ഒ ഗൂഢാലോചന; ആർ.ബി.ശ്രീകുമാറിൻ്റെ അറസ്റ്റ് വിലക്കി
ഗൂഢാലോചന കേസിൽ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത് എന്നിവര്‍ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സിബി മാത്യൂസിനും, പി കെ.ജോഷ്വയ്ക്കും പ്രിൻസിപ്പൽ സെഷൻസ് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ വാദം പൂർത്തിയായിട്ടില്ല. മുൻ പൊലീസ് ഐ.ബി ഉദ്യോഗസ്ഥര്‍ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, കസ്റ്റഡി മർദനം, അപകീർത്തിപ്പെടുത്തൽ തുടങ്ങി പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.