തിരുവനന്തപുരം :സംസ്ഥാനത്ത് 199 ആന്‍റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് . ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 1.99 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ട്രൈബല്‍ മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്‍റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുക.
ഇത്തരം മേഖലയിലുള്ളവര്‍ നായകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. അത്തരം സംഭവങ്ങളുണ്ടായാല്‍ അടിയന്തര പ്രഥമ ശ്രുശ്രൂഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ട്രൈബല്‍ മേഖലയിലുള്ള ദുര്‍ഘട പ്രദേശങ്ങളിലുള്‍പ്പടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ എല്ലായിടത്തും ആന്‍റി റാബീസ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
5 ആശുപത്രികളെ മാതൃക ആന്‍റി റാബീസ് ക്ലിനിക്കുകളായി അടുത്തിടെ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. നായകളില്‍ നിന്ന് കടിയേല്‍ക്കുന്നവര്‍ക്കുള്ള ചികിത്സാസംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃക ആന്‍റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. അത് കൂടാതെയാണ് 199 ആന്‍റി റാബീസ് ക്ലിനിക്കുകള്‍ കൂടി തുടങ്ങുന്നത്.
നായയുടെ കടിയേറ്റ് മുറിവേല്‍ക്കുന്ന ഭാഗം സോപ്പ് ഉപയോഗിച്ച് കഴുകാനുള്ള സ്ഥലം, വാക്‌സിനേഷന്‍ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള ഇടം എന്നിവയ്‌ക്കുള്ള സൗകര്യങ്ങളും ക്ലിനിക്കിലുണ്ടാകും. ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് അവബോധവും കൗണ്‍സിലിങ്ങും നല്‍കും. ഇത്തരം ക്ലിനിക്കുകളില്‍ പ്രാഥമിക ശുശ്രൂഷയും തുടര്‍ ചികിത്സയും നല്‍കുന്നതിന് പരിശീലനം ലഭിച്ച ജീവനക്കാരുണ്ടാകും. ഇവര്‍ക്ക് അനിമല്‍ ബൈറ്റ് മാനേജ്മെന്‍റ്, റാബീസിന് മുമ്പും ശേഷവുമുള്ള സേവനങ്ങള്‍ എന്നിവയെപ്പറ്റി വിദഗ്‌ധ പരിശീലനവും നല്‍കും.
സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമം. വാക്‌സിന്‍, ഇമ്മ്യുണോഗ്ലോബുലിന്‍ എന്നിവയുടെ ലഭ്യത ഇത്തരം ക്ലിനിക്കുകളില്‍ പ്രദര്‍ശിപ്പിക്കും.