കേരളം

kerala

ETV Bharat / state

Anti Christian Violence | 'ബിജെപിയുള്ളിടത്ത് കടുത്ത പീഡനങ്ങള്‍' ; ഇടപെടല്‍ ആവശ്യപ്പെട്ട് മോദിക്ക് കെ സുധാകരന്‍റെ കത്ത് - ബിജെപി ഭരിക്കുന്ന സംസ്ഥാനം ക്രൈസ്‌തവ വേട്ട

വ്യാജക്കേസില്‍ ജയിലില്‍ അടയ്‌ക്കപ്പെട്ടവര്‍ക്ക് ജാമ്യം എടുക്കാനാകുന്നില്ലെന്ന് കെ സുധാകരന്‍

Etv Bharat
Etv Bharat

By

Published : Jun 15, 2023, 5:26 PM IST

Updated : Jun 15, 2023, 5:42 PM IST

തിരുവനന്തപുരം :ഉത്തര്‍പ്രദേശ് ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്‌തവര്‍ക്കെതിരെ നടക്കുന്ന കടുത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. യുപിയിലെ അംബേദ്‌കര്‍ നഗര്‍, ഫത്തേപൂര്‍ എന്നീ ജില്ല ജയിലുകളില്‍ അടയ്ക്ക‌പ്പെട്ട അഞ്ച് മലയാളി പാസ്റ്റര്‍മാരില്‍ പത്തനംതിട്ട സ്വദേശി പാസ്റ്റര്‍ ജോസ് പാപ്പച്ചനേയും ഭാര്യ ഷീജയേയും തിരുവനന്തപുരം കൊടിക്കുന്നില്‍ സ്വദേശി പാസ്റ്റര്‍ ജോസ്‌ പ്രകാശിനേയും സന്ദര്‍ശിച്ചാണ് കത്ത് തയ്യാറാക്കിയത്. ക്രൈസ്‌തവ വേട്ടയെ കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. അനില്‍ തോമസും കൂടെ ഉണ്ടായിരുന്നു.

വ്യാജക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട ഇവര്‍ക്ക് മാസങ്ങളായി ജാമ്യം എടുക്കാനാകുന്നില്ല. ജയിലുകളില്‍ നരകയാതനയാണ്. ഞെട്ടിപ്പിക്കുന്ന 'കേരള സ്റ്റോറി'യാണ് റിപ്പോര്‍ട്ടില്‍ കാണാനായതെന്നും സുധാകരന്‍ പറഞ്ഞു. മതപരിവര്‍ത്തനവും മറ്റ് അനുബന്ധ കുറ്റങ്ങളും ചുമത്തി മലയാളികള്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകളെ യുപിയിലെ ജയിലുകളില്‍ അടച്ചിരിക്കുകയാണ്. യുപിയിലെ വിവിധ പ്രദേശങ്ങളില്‍ സാമൂഹ്യ സേവനവും പ്രേക്ഷിത പ്രവര്‍ത്തനവും നടത്തി വര്‍ഷങ്ങളായി താമസിക്കുന്നവരാണിവര്‍.

ഇടപെടല്‍ പെന്തകോസ്‌ത് സംഘടനകളുടെ അഭ്യര്‍ഥന പ്രകാരം :ക്രൈസ്‌തവ മതക്കാരുടെ സ്ഥാപനങ്ങള്‍, പള്ളികള്‍,സ്‌കൂളുകള്‍ എന്നിവയ്ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നു. ഇവ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു. മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്‌ത് സംഘപരിവാര്‍ നേതാക്കള്‍ നല്‍കിയ പരാതികളിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മതപരിവര്‍ത്തനം നടത്തിയ വ്യക്തിയോ അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കളോ പരാതിപ്പെട്ടാല്‍ മാത്രമേ നടപടി പാടുള്ളൂവെന്ന വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ചാണ് ഈ നീക്കം. 2022 ജൂലൈ മുതല്‍ വിവിധ ജയിലുകളില്‍ കഴിയുന്ന പാസ്റ്റര്‍മാരുടെ ജാമ്യാപേക്ഷകള്‍ തീര്‍പ്പാകാതെ ലഖ്‌നൗ ബഞ്ചില്‍ കിടക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ മലയാളികളായ ക്രൈസ്‌തവ പാസ്റ്റര്‍മാരേയും കുടുംബാംഗങ്ങളേയും വ്യാജ മതപരിവര്‍ത്തന കേസുകളില്‍ കുടുക്കി മാസങ്ങളായി ജയിലിലടച്ചിരിക്കുന്ന വിഷയത്തില്‍
കെപിസിസി ഇടപെടണമെന്ന് പെന്തകോസ്‌ത് സംഘടനകള്‍ അഭ്യര്‍ഥിച്ചിരുന്നു. തുര്‍ന്നാണ് കെപിസിസി വസ്‌തുതകള്‍ പഠിക്കാന്‍ തീരുമാനിച്ചത്. ജയിലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായവും അവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണവും ഉറപ്പാക്കാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയോട് കെപിസിസി ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന നിരപരാധികളുടെ മോചനത്തിന് ആവശ്യമായ നിയമസഹായം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കെപിസിസി പിന്തുണ നല്‍കുമെന്നും സുധാകരന്‍ അറിയിച്ചു.

മണിപ്പൂര്‍ കലാപത്തില്‍ മോദിക്കെതിരെ സുധാകരന്‍ :സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹം അശാന്തിയിലേക്ക് നിലംപതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപി പിടിമുറുക്കിയതോടെയാണ് അശാന്തി പടര്‍ന്നത്. കേരളത്തിലേക്ക് ബിജെപി കടന്നുവന്നാൽ അത് മണിപ്പൂരിലേതിന് സമാനമായ വലിയ ദുരന്തത്തിന് വഴിയൊരുക്കും. 25 വർഷം കൊണ്ട് മണിപ്പൂർ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ജലരേഖയായി മാറിയെന്നും സുധാകരൻ മെയ്‌ ആറിന് പുറത്തിറക്കിയ വാർത്ത കുറിപ്പില്‍ വ്യക്തമാക്കി. ആക്രമണങ്ങൾ നടക്കുന്നത് പൊലീസിന്‍റേയും ബിജെപി ഭരണകൂടത്തിന്‍റേയും പിന്തുണയോടെയാണ്. ഈ പ്രതിഷേധങ്ങൾക്ക് കാരണം മെയ്‌തേയ് വിഭാഗത്തിന് പട്ടിക വര്‍ഗപദവിയും സംവരണവും നല്‍കാനുള്ള നീക്കമാണെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

Last Updated : Jun 15, 2023, 5:42 PM IST

ABOUT THE AUTHOR

...view details