തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോന്‍സൺ മാവുങ്കലുമായി അടുപ്പമുണ്ടെന്ന് ആരോപണമുയര്‍ന്ന വിവാദ വനിത അനിത പുല്ലയില്‍ ലോക കേരളസഭയുടെ ഉദ്ഘാടന ദിവസം മുതല്‍ സഭാവേദിയിലുണ്ടായിരുന്നെന്ന് കണ്ടെത്തൽ. ഇതോടെ സംഭവത്തിൽ വിവാദം കനത്തു. സര്‍ക്കാര്‍ അഭിമാന പദ്ധതിയെന്നു കൊട്ടിഘോഷിച്ച ലോക കേരളസഭയുടെ തിളക്കം അനിത പുല്ലയിലിന്‍റെ സാന്നിധ്യത്തോടെ കെട്ടുവെന്ന് മാത്രമല്ല സര്‍ക്കാര്‍ പ്രതിക്കൂട്ടിലുമായി.
സ്‌പീക്കറും മുഖ്യമന്ത്രിയും മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത് സര്‍ക്കാരിനാകെ നാണക്കേടുമായി. സംഭവത്തില്‍ ഏറ്റവുമധികം നാണക്കേടുണ്ടായിരിക്കുന്നത് ലോക കേരളസഭയുടെ മുഖ്യ സംഘാടകരായ നോര്‍ക്ക റൂട്ട്‌സിനും സഭയ്ക്ക് ആതിഥ്യമരുളിയ നിയമസഭ സെക്രട്ടേറിയറ്റിനുമാണ്. അതീവ സുരക്ഷ മേഖലയായ നിയമസഭയ്ക്കുള്ളില്‍ പാസ് അല്ലെങ്കില്‍ ഉന്നതരുടെ അറിവില്ലാതെ ഒരാള്‍ക്കും കടക്കാനാകില്ല.
പ്രമുഖ വിദേശ മലയാളികളുള്‍പ്പെടെ 350ലേറെ വിദേശ മലയാളികള്‍ പങ്കെടുത്ത ലോക കേരളസഭയില്‍ തുടക്കം മുതല്‍ ഇവര്‍ പങ്കെടുത്തതായി സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞു. സ്‌പീക്കറുടെ നിര്‍ദേശപ്രകാരം നിയമസഭയുടെ സുരക്ഷ ചുമതലയുള്ള മാര്‍ഷല്‍ നടത്തിയ പരിശോധനയിലാണ് ഇതു തെളിഞ്ഞത്. പ്രതിനിധികളുമായുള്ള തുറന്ന സംവാദത്തിനിടയിലും അനിത സദസിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.
ഇവര്‍ക്ക് നിയമസഭ പാസും ലോക കേരളസഭ പാസും ഉണ്ടായിരുന്നു എന്നതില്‍ നിന്നു തന്നെ ഇവര്‍ ഉന്നതരുടെ അറിവോടെയാണ് സഭയില്‍ പ്രവേശിച്ചതെന്ന് വ്യക്തമാണ്. ആ ഉന്നതന്‍ ആരാണെന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.
സഭയിൽ പ്രവേശിച്ചത് സീരിയൽ നിർമാതാവിനൊപ്പം: ഒരു സീരിയല്‍ നിര്‍മാതാവിനൊപ്പമാണ് അനിത സഭയില്‍ പ്രവേശിച്ചതെന്ന വിവരവും അതിനിടെ പുറത്തുവന്നു. നിയമസഭയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സഭ ടിവിക്ക് ഒടിടി പ്ലാറ്റ്‌ഫോം ഒരുക്കുന്ന ഏജന്‍സിയുടെ പ്രധാനപ്പെട്ട വ്യക്തി കൂടിയാണ് ഈ നിര്‍മാതാവ് എന്ന വിവരവും പുറത്തു വന്നു. ഇയാള്‍ക്കൊപ്പം ഉദ്ഘാടന ദിവസം മുതല്‍ അനിത നിയമസഭയിലുണ്ടായിരുന്നു.
വെള്ളിയാഴ്‌ച നടന്ന ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത അനിത ശനിയാഴ്‌ച സമാപന സമ്മേളത്തിലും പങ്കെടുത്തു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ഇവരെ തിരിച്ചറിഞ്ഞ് ചിത്രങ്ങളെടുക്കാന്‍ തുടങ്ങുകയും ചാനലുകളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിറയുകയും ചെയ്‌തതോടെയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്താക്കിയത്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.മുരളീധരന്‍ എം.പി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം ലോക കേരളസഭ ബഹിഷ്‌കരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വന്‍വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെയാണ് തട്ടിപ്പുകാരനുമായി അടുപ്പമുള്ളയാള്‍ ലോക കേരളസഭയിലെത്തിയ വിവരം പുറത്തു വന്നത്. കഴിഞ്ഞ തവണത്തെ ലോക കേരളസഭയിലും ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായി അനിത പങ്കെടുത്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനു ശേഷം കാര്യങ്ങള്‍ വിശദീകരിക്കാമെന്നുമാണ് സ്‌പീക്കര്‍ എം.ബി രാജേഷിന്‍റെ നിലപാട്.