കേരളം

kerala

ETV Bharat / state

അനിലിനെ കൂട്ടുപിടിച്ചത് ബിഷപ്പുമാര്‍ നല്‍കിയ 'ഉണര്‍വില്‍' ; ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ കേരള ബിജെപി...? - അനില്‍ ആന്‍റണി ബിജെപി പ്രവേശനം വിശകലനം

കേരളത്തിലെ ബിഷപ്പുമാര്‍ രണ്ട് വിഷയങ്ങളില്‍ നടത്തിയ പ്രസ്‌താവന പ്രചാരണ ആയുധമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഇവയടക്കം നല്‍കിയ ആത്മവിശ്വാസത്തിലാണ് കേരളത്തില്‍ ക്രിസ്‌ത്യന്‍ വോട്ടുബാങ്ക് സുരക്ഷിതമാക്കാന്‍ ബിജെപി നീക്കം നടത്തുന്നത്

anil antonys bjp entry  ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടി  kerala bjp new tactics Thiruvananthapuram  anil antonys entry kerala bjp new tactics  ബിജെപി  ക്രിസ്‌ത്യന്‍ വോട്ടുബാങ്ക്
ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടി

By

Published : Apr 6, 2023, 10:33 PM IST

തിരുവനന്തപുരം :പാലാ ബിഷപ്പിന്‍റെ ലൗവ് ജിഹാദ് പ്രസ്‌താവനയ്ക്ക് ശേഷം ബിജെപിക്ക് അപ്രതീക്ഷിത ഉണര്‍വേകിയ മറ്റൊന്നായിരുന്നു തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ റബ്ബര്‍ വില പരാമര്‍ശം. അതിന്‍റെ അലയൊലികള്‍ മായുംമുന്‍പാണ് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയെ പാര്‍ട്ടിയിലെത്തിച്ചുകൊണ്ടുള്ള ബിജെപിയുടെ ചടുലനീക്കം. ബിജെപിയുമായി അകലം പാലിച്ചുകഴിയുന്ന ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ തങ്ങളുമായി അടുപ്പിക്കുകയല്ലാതെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പലനിലകളില്‍ ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ബിജെപി നടത്തുന്നത്.

ഇതിന് ഊര്‍ജം പകരാന്‍ അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശം സഹായകമാകും എന്ന വിലയിരുത്തലാണ് സംസ്ഥാന കേന്ദ്ര - ബിജെപി നേതൃത്വങ്ങള്‍ക്കുള്ളത്. മധ്യകേരളത്തില്‍ പ്രത്യേകിച്ച് കോട്ടയം കേന്ദ്രീകരിച്ച് ഒരു ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് അതിനെ ഘടക കക്ഷിയാക്കി ബിജെപിയിലെത്തിക്കുക എന്നൊരു നീക്കം പാര്‍ട്ടി നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസിലൂടെ, കോണ്‍ഗ്രസിലെത്തിയ മുന്‍ കാഞ്ഞിരപ്പള്ളി എംഎല്‍എ ജോര്‍ജ് ജെ മാത്യുവാണ് ഇതിനുപിന്നില്‍. പക്ഷേ, ഒരു രാഷ്ട്രീയ പാര്‍ട്ടി പരീക്ഷണം എത്രകണ്ട് വിജയിക്കും എന്ന കാര്യത്തില്‍ ബിജെപിക്ക് സംശയമുണ്ട്.

ബിഷപ്പിന്‍റെ പ്രസ്‌താവന, ബിജെപിക്ക് ആയുധം :രാഷ്‌ട്രീയ പാര്‍ട്ടി നീക്കം ഉപേക്ഷിക്കാതെ തന്നെ ക്രിസ്ത്യന്‍ സഭകളും ഉന്നത ക്രിസ്‌തീയ മതപുരോഹിതന്മാരുമായും രഹസ്യബാന്ധവത്തിന് കൂടി ബിജെപി കേന്ദ്ര നേതൃത്വം നീക്കം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് പാലാ ബിഷപ്പ് കല്ലറങ്ങാട്ടിന്‍റെ പ്രസ്‌താവനയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തിറങ്ങിയത്. ഒരു വിഭാഗം മുസ്‌ലിം യുവാക്കള്‍ സ്‌നേഹം നടിച്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മതംമാറ്റുന്ന ലൗവ് ജിഹാദ് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ബിഷപ്പിന്‍റെ പ്രസ്‌താവന. തങ്ങള്‍ ദീര്‍ഘകാലമായി ഉയര്‍ത്തിയ ലൗവ് ജിഹാദ് വിഷയത്തെ ഇപ്പോള്‍ ക്രിസ്‌തീയ മതപുരോഹിതര്‍ കൂടി അംഗീകരിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 2021 സെപ്‌റ്റംബറിലെ ബിഷപ്പിന്‍റെ പ്രസ്‌താവനയെ ബിജെപി വ്യാഖ്യാനിച്ചത്.

ALSO READ|'അനിലിന്‍റെ തീരുമാനം വേദനാജനകം, മരണം വരെയും താൻ കോണ്‍ഗ്രസുകാരനായിരിക്കും'; വികാരാധീനനായി എ കെ ആന്‍റണി

ഇത് ബിജെപിയും ക്രിസ്‌തീയ സഭകളും ചൂണ്ടിക്കാട്ടുന്നത് ഒരേ കാര്യം എന്ന നിലയിലായിരുന്നു ബിജെപി പ്രചാരണം. അതിനുപിന്നാലെയായിരുന്നു ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനുള്ള ശ്രമങ്ങളുമായി ബിജെപി മുന്നോട്ടുനീങ്ങിയത്. അതിനിടെയാണ് അടുത്തിടെ റബ്ബറിന് 300 രൂപയാക്കിയാല്‍ ബിജെപിക്കുവേണ്ടി കൈയുയര്‍ത്താന്‍ കേരളത്തില്‍ നിന്ന് ഒരു എംപി ഉണ്ടാകുമെന്ന് തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന വരുന്നത്. ഇതിനെയും ഈ മേഖലയില്‍ തങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതിന്‍റെ സൂചനകളായിട്ടാണ് ബിജെപി കാണുന്നത്. ഇതിനെല്ലാം ഇന്ധനം പകരുന്നതാണ് അനില്‍ ആന്‍റണിയുടെ വരവെന്ന് ബിജെപി കരുതുന്നു.

ജോസിനേയും കൂട്ടരേയും കൈവിട്ടത് യുഡിഎഫിന് തിരിച്ചടി :കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തിലും പൊതുസമൂഹത്തിലും ക്രിസ്ത്യന്‍ സഭകളിലും സ്വാധീനമില്ലാത്ത അനിലിലൂടെ ബിജെപി സ്വപ്‌നം പൂവണിയുമോ എന്ന ചോദ്യമുയര്‍ത്തുന്നവരും കുറവല്ല. അതേസമയം, ക്രിസ്‌തീയ മേഖലകളിലേക്ക് കടന്നുകയറാനുള്ള ബിജെപി നീക്കങ്ങള്‍ ഏറെ വെട്ടിലാക്കുന്നത് യുഡിഎഫിനെയാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്. മധ്യകേരളത്തിലും കുടിയേറ്റ മേഖലകളിലും ഒരു കാലത്ത് കോണ്‍ഗ്രസിന്‍റേയും യുഡിഎഫിന്‍റേയും ഉറച്ച വോട്ടുബാങ്കായിരുന്നു ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍. ഇന്ന് പല കാരണങ്ങളാല്‍ യുഡിഎഫില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ് അവര്‍. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ അകറ്റി മുന്നണിയില്‍ നിന്ന് പുറത്താക്കിയതായിരുന്നു യുഡിഎഫ് സമീപകാലത്ത് കൈക്കൊണ്ട ഏറ്റവും അബദ്ധജഡിലമായ തീരുമാനം എന്നൊരു വിലയിരുത്തല്‍ ഇപ്പോള്‍ അവര്‍ക്കുണ്ട്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കുടിയേറ്റ മേഖലകളിലും യുഡിഎഫിന്‍റെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിലെ പ്രധാന ഘടകം കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടുപോയതായിരുന്നു. ഇതോടെ യുഡിഎഫിന്‍റെ പരമ്പരാഗത വോട്ടുബാങ്കിന്‍റെ വലിയൊരു ഭാഗം എല്‍ഡിഎഫിലേക്ക് ചോര്‍ന്നു. ഈ ചോര്‍ച്ചയ്‌ക്ക് പരിഹാരം കാണാനാകാതെ യുഡിഎഫ് ഉഴലുമ്പോഴാണ് കൂനിന്‍മേല്‍ കുരുപോലെ ക്രിസ്‌തീയ സഭകള്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നത്. ഇത് തങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരുന്ന ലോക്‌സഭ തെരഞ്ഞടുപ്പില്‍ നിരാശാജനകമായിരിക്കും യുഡിഎഫിന്‍റെ നില എന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. ജോസ് കെ മാണിയെ തിരികെ യുഡിഎഫിലെത്തിക്കാന്‍ അണിയറയില്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്‌തിയിലെത്തിയിട്ടുമില്ല.

തരൂരിന്‍റെ സ്വാധീനവും കോണ്‍ഗ്രസിന്‍റെ 'സംശയരോഗ'വും:ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ അധികാരങ്ങളും വലിച്ചെറിഞ്ഞ് യുഡിഎഫിലെത്താനുള്ള താത്പര്യം ജോസ് കെ മാണിക്കുമില്ല. അപ്പോള്‍ ഇവിടെ കരുതലോടെ കരുക്കള്‍ നീക്കേണ്ടത് കോണ്‍ഗ്രസും യുഡിഎഫുമാണ്. ഉമ്മന്‍ചാണ്ടിയെ പോലെ ക്രിസ്ത്യന്‍ സഭകളുമായി ബന്ധമുള്ള മറ്റൊരു നേതാവിന്‍റെ അഭാവവും കോണ്‍ഗ്രസിനെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ്. ശശി തരൂരിന് ക്രിസ്ത്യന്‍ സഭകളില്‍ സമീപകാലത്ത് സ്വീകാര്യതയുണ്ടായെങ്കിലും അതെല്ലാം സംശയ ദൃഷ്‌ടിയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്. അപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കനത്ത പ്രതിസന്ധിയിലെത്തി നില്‍ക്കുന്നത് യുഡിഎഫ് നേതൃത്വമാണ്.

ALSO READ|പിറന്നാള്‍ ആഘോഷം ഒഴിവാക്കി 'അഞ്‌ജനം'; 'കൈ' മുറുകെപ്പിടിച്ച് ആന്‍റണിയുടെ ഇളയമകന്‍ അജിത്ത്

ബിജെപിയുടെ ക്രിസ്ത്യന്‍ മേഖലകളിലേക്കുള്ള കടന്നുകയറ്റത്തെ സിപിഎമ്മും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജോസ് കെ മാണിയുടെ വരവോടെ ക്രിസ്ത്യന്‍ സഭകള്‍ക്ക് തങ്ങളോടുണ്ടായിരുന്ന സമീപനത്തില്‍ വലിയ മാറ്റമുണ്ടായത് സിപിഎമ്മിനും അറിവുള്ള കാര്യമാണ്. പക്ഷേ, ബിജെപി ഈ മേഖലകളിലേക്ക് കടന്നുകയറിയാല്‍ അത് തങ്ങളുടെ വോട്ടുബാങ്കിലും ഭാവിയില്‍ വിള്ളല്‍ വീഴ്ത്തിക്കൂടെന്നില്ലെന്ന് സിപിഎമ്മും വിലയിരുത്തുന്നു. ചുരുക്കത്തില്‍ ബിജെപിയുടെ ക്രിസ്ത്യന്‍ മേഖല കടന്നുകയറ്റത്തെ എല്‍ഡിഎഫും യുഡിഎഫും എങ്ങനെ പ്രതിരോധിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇരുമുന്നണികളുടേയും ബിജെപിയുടേയും ജയപരാജയങ്ങള്‍ എന്നുറപ്പാണ്.

ABOUT THE AUTHOR

...view details