തിരുവനന്തപുരം:ഇന്നലെ ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടും. യുവാക്കളുമായുള്ള സംവാദത്തിനായി 'യുവം' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഈ മാസം 25 നാണ് നരേന്ദ്ര മോദി കൊച്ചിയിലെത്തുന്നത്. ഈ പരിപാടിയിലാണ് അനിൽ ആന്‍റണി മോദിക്കൊപ്പം വേദി പങ്കിടുക.
ഇവർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ, കന്നഡ സിനിമ താരം യാഷ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. ഈ പരിപാടി അനിൽ ആന്‍റണിയുടെ ബിജെപി അരങ്ങേറ്റ വേദിയാക്കാനുള്ള തീരുമാനത്തിലാണ് പാർട്ടി നേതൃത്വം. യുവാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആന്‍റണിയെ വേദിയിലെത്തിക്കുന്നത് പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. എന്നാല്‍ അനിൽ ആന്‍റണി ബിജെപിയിൽ ചേരുന്നതിന് മുൻപ് തന്നെ 'യുവം' എന്ന പരിപാടി ബിജെപി നിശ്ചയിച്ചിരുന്നു. സംവാദ പരിപാടിയിൽ ഒരുലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റുമായിരുന്ന അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിക്കെതിരെ പ്രതികരിച്ചതോടെയാണ് കോൺഗ്രസുമായി തെറ്റുന്നത്. തുടർന്ന് പദവികളെല്ലാം രാജിവച്ചിരുന്നു. ബിജെപി സ്ഥാപക ദിനമായ ഇന്നലെയായിരുന്നു അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനം. ഉച്ചയ്ക്ക് രണ്ടരയോടെ ബിജെപി ദേശീയ ആസ്ഥാനത്തെത്തിയ അനിൽ ആന്‍റണി മൂന്ന് മണിയോടെയാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്.