തിരുവനന്തപുരം :അന്തരിച്ച സിപിഎം നേതാവ് (CPM Leader) ആനത്തലവട്ടം ആനന്ദന്‍റെ സംസ്‌കാരം (Anathalavattom Anandan Funeral) വെള്ളിയാഴ്‌ച (06.10.2023) നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് ശന്തികവാടത്തിലാണ് സംസ്‌കാരം. വസതിയില്‍ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരം വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ എകെജി സെൻ്ററിലെത്തിക്കും. ഇവിടുത്തെ പൊതുദര്‍ശനശേഷം രണ്ട് മണിമുതൽ സിഐടിയു ഓഫിസിലും (CITU Office) അന്ത്യോപചാരമര്‍പ്പിക്കാന്‍ അവസരമൊരുക്കും (Anathalavattom Anandan's Funeral).
ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച (05.10.2023) വൈകിട്ടോടെയായിരുന്നു ആനത്തലവട്ടം ആനന്ദന്‍റെ അന്ത്യം. മെഡിക്കൽ കോളജ് ആശുപത്രിയിൽ അദ്ദേഹത്തിന്‍റെ ഭൗതികശരീരം ഏറ്റുവാങ്ങാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, മന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് ഭൗതിക ശരീരം ചിറയിൻകീഴിലെ സ്വവസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അനുശോചിച്ച് എംവി ഗോവിന്ദന്‍ :കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും ട്രേഡ് യൂണിയൻ സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലും ആവേശകരമായ നേതൃത്വമായി പ്രവർത്തിച്ച നേതാവിനെയാണ് ആനത്തലവട്ടം ആനന്ദന്‍റെ വിയോഗത്തിലൂടെ നഷ്‌ടപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അനുശോചിച്ചു. കയർ തൊഴിലാളിയായി ജീവിതം ആരംഭിച്ച് പിന്നീട് അദ്ദേഹം കയർ തൊഴിലാളി സഹകരണ സംഘം രൂപീകരിച്ചു. പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഏരിയ കമ്മിറ്റി സെക്രട്ടറിയായും ജില്ല കമ്മിറ്റിയുടെ ഏറ്റവും പ്രമുഖ നേതാവായും പ്രവര്‍ത്തിച്ചു. പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചെന്നും എംവി ഗോവിന്ദന്‍ ഓര്‍ത്തെടുത്തു.
മൂന്ന് സന്ദർഭങ്ങളിലായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ സമുന്നത നേതാവായി പ്രവർത്തിക്കുമ്പോഴും കയര്‍ തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് ഒരിക്കലും അദ്ദേഹം പിന്നോട്ടുപോയില്ല. പാർട്ടിക്ക് നേരെ നടന്ന എല്ലാ കടന്നാക്രമണങ്ങളെയും ചെറുത്തുവെന്നും തന്‍റെ ജീവിതം മുഴുവൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച നേതാവാണ് ആനത്തലവട്ടം ആനന്ദനെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് പ്രാവശ്യം എംഎൽഎയായി തെഞ്ഞെടുക്കപ്പെട്ട ആനത്തലവട്ടം ആനന്ദന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായിരുന്നു. അദ്ദേഹം തിരുവനന്തപുരം ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയാണ്.