തിരുവനന്തപുരം : മുൻ എംഎൽഎയും (Former MLA) മുതിർന്ന സിപിഎം നേതാവുമായ ആനത്തലവട്ടം ആനന്ദൻ (86) (Anathalavattom Anandan) അന്തരിച്ചു. ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് പ്രാവശ്യം എംഎൽഎയായി തെഞ്ഞെടുക്കപ്പെട്ട അദ്ദേഹം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായിരുന്നു. തൊഴിലാളി സംഘടനയിലൂടെ വളർന്നുവന്ന അദ്ദേഹം തിരുവനന്തപുരം ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയാണ്.
1956 ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി അംഗമായി. 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985ൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റിലെത്തി. സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റും അപെക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.
1937 ഏപ്രിൽ 22ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി.കൃഷ്‌ണന്‍റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954ൽ ഒരണ കൂടുതൽ കൂലിക്കുവേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവർത്തനത്തിലെത്തുന്നത്. വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്‌സ് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു സമരം.
അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനറായി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനുവേണ്ടി അത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. ധാരാളം തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയ ആനന്ദൻ പലവട്ടം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. പിന്നീട് അറസ്‌റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനുശേഷമാണ് ജയിൽമോചിതനായത്.