തിരുവനന്തപുരം:ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്‍റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി നിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. അനന്യയുടെ തൂങ്ങിമരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 23ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാര്‍ഗരേഖ തയ്യാറാക്കും. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ക്ലിനിക്കുകള്‍ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍റെ ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ചൂഷണവും, വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.