തിരുവനന്തപുരം: സ്‌പീക്കറായി ചുമതലയേറ്റ ശേഷം ചേർന്ന നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിൽ സഭ നിയന്ത്രിക്കുന്നതിലെ കടുത്ത വെല്ലുവിളികളെ കയ്യടക്കത്തോടെ സമീപിച്ച് എഎൻ ഷംസീര്‍. ഇതോടെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിയുന്ന അപൂര്‍വ നടപടിക്ക് ആദ്യ ദിനം കാർമികത്വം വഹിക്കുക എന്ന അനുഭവത്തിന് സാക്ഷിയാകേണ്ടി വന്ന സ്‌പീക്കർ കൂടിയാകുകയാണ് എഎൻ ഷംസീർ.
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്‍റെ ആദ്യ ദിനം തിരുവനന്തപുരം മേയറുടെ നിയമന കത്ത് പ്രതിപക്ഷം അടിയന്തര പ്രമേയ വിഷയമാക്കിയപ്പോൾ തന്നെ സഭയിൽ കാറും കോളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അത് സഭാസ്‌തംഭനത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. നിയമന കത്തുകളുമായി ഭരണപക്ഷവും പ്രതിപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചതോടെയാണ് ബഹളവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തു വന്നത്.