കേരളം

kerala

ETV Bharat / state

ആശുപത്രി സംരക്ഷണത്തിൽ ഓർഡിനൻസ് ഇറക്കും ; അടുത്ത മന്ത്രിസഭായോഗത്തിൽ പരിഗണിക്കും - ആശുപത്രി സംരക്ഷണ നിയമം

ഡോ വന്ദന ദാസിന്‍റെ മരണത്തിന് പിന്നാലെ ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവരണമെന്ന ആരോഗ്യപ്രവർത്തകരുടെ ആവശ്യത്തിൽ ഓർഡിനൻസ് പുറത്തിറക്കാൻ സർക്കാർ തീരുമാനം

ഓർഡിനൻസ്  Ordinance  ordinance for protection of the hospital  protection of the hospital  vandana das  ആശുപത്രികളിലെ അതിക്രമങ്ങൾ  വന്ദന ദാസന്‍റെ മരണം  ആശുപത്രി സംരക്ഷണ നിയമം
ആശുപത്രി സംരക്ഷണത്തിൽ ഓർഡിനൻസ്

By

Published : May 11, 2023, 7:38 PM IST

തിരുവനന്തപുരം :ആശുപത്രി സംരക്ഷണത്തിൽ ഓർഡിനൻസ് ഇറക്കാൻ തീരുമാനം. ഡോക്‌ടർമാരുടെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ ഉൾപ്പെടുത്തിയാകും പുതിയ ഓർഡിനൻസ് പുറത്തിറക്കുക. ആശുപത്രികളിലെ അതിക്രമങ്ങൾ തടയുന്നതിന് പുതിയ നിയമ നിർമാണവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ തീരുമാനം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് പരിഗണിക്കും. 2012ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയാകും ഓർഡിനൻസ് ഇറക്കുക. പുതിയ ആശുപത്രി സംരക്ഷണ നിയമത്തിൽ ഡോക്‌ടർമാരുടെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തും.

ഇത്തരം നിർദേശങ്ങളിൽ വ്യക്തമായ പരിശോധനകൾ നടത്താൻ ഉന്നതലയോഗം തീരുമാനിച്ചു. നിയമ നിർമാണം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ഉന്നതതല യോഗം ചേർന്നത്. ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ , സംസ്ഥാന പൊലീസ് മേധാവി, എ ഡി ജി പിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വേണ്ടത് ആശുപത്രി സംരക്ഷണ നിയമം : ഉന്നതതലയോഗം ചേരുംമുൻപ് മുഖ്യമന്ത്രി ഡോക്‌ടർമാരുടെ സംഘടനാപ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ആറ് ആവശ്യങ്ങളാണ് ഡോക്‌ടർമാരുടെ സംഘടനകൾ മുന്നോട്ടുവച്ചത്. അതിൽ പ്രധാനമായിരുന്നു ആശുപത്രി സംരക്ഷണ നിയമം സംബന്ധിച്ച് ഓർഡിനൻസ് പുറത്തിറക്കുക എന്നത്. ഇതാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

ഭേദഗതി നിർദേശങ്ങൾ :സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌ പോസ്റ്റുകൾ സ്ഥാപിക്കും. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭായോഗത്തിന് മുൻപാകെ സമർപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

കേരള ആരോഗ്യ സർവകലാശാല, ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവരുമായും ചർച്ചകൾ നടത്തും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തണം.

ആദ്യ വിഭാഗത്തിൽ വരുന്ന മെഡിക്കൽ കോളജുകൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് ഔട്ട്‌ പോസ്റ്റുകൾ സ്ഥാപിക്കണം. എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ ഇവിടെ വിന്യസിക്കണം. മറ്റ് ആശുപത്രികളിലും പൊലീസിന്‍റെ പൂർണ നിരീക്ഷണം ഉറപ്പാക്കണം.

എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്‌ഡ്‌ സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കണം. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ഡോക്‌ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി നിർവഹിക്കുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കണം. എല്ലാ ആശുപത്രികളിലും ഓരോ ആറുമാസത്തിലും സെക്യൂരിറ്റി ഓഡിറ്റ് നടത്തണം.

ജില്ല കലക്‌ടറുടെ മേൽനോട്ടത്തിൽ ആരോഗ്യ - പൊലീസ് വകുപ്പുകൾ ഇത് നിർവഹിക്കണം. സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്‌ടർമാരെ നിയമിക്കാൻ കഴിയുമോയെന്ന് പരിശോധിക്കണം. പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാസംവിധാനം ഏർപ്പെടുത്തണം. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

തീരുമോ സമരം ? : സർക്കാരിൽ നിന്ന് തീരുമാനം വന്നശേഷം സമരത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു ഐഎംഎ അടക്കമുള്ള ഡോക്‌ടർമാരുടെ സംഘടനകൾ അറിയിച്ചിരിക്കുന്നത്. ഇന്ന് രാത്രി ഐഎംഎയുടെ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമാകും തുടർ സമരങ്ങൾ സംബന്ധിച്ച് തീരുമാനമാവുക. നിലവിൽ നാളെ രാവിലെ എട്ട് മണി വരെയാണ് ഡോക്‌ടർമാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

അടിയന്തര സേവനവും ലേബർ റൂമും ഒഴികെയുള്ള മുഴുവൻ പ്രവര്‍ത്തികളും നിർത്തിവച്ചാണ് ഡോക്‌ടർമാർ പണിമുടക്കുന്നത്. ഇത് സംസ്ഥാനത്ത് ചികിത്സാസംവിധാനത്തെ ആകെ താറുമാറാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details