തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഐസിയു, വെന്‍റിലേറ്റർ സംവിധാനം ആവശ്യമായ രോഗികളുടെ എണ്ണമാണ് വര്‍ധിക്കുന്നത്. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചു. ഈ കണക്കുകള്‍ നല്‍കുന്ന സൂചന നമ്മുടെ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാകുന്ന രീതിയിലേക്ക് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് എന്നാണ്. ഐസിയുകളില്‍ 2323 പേരും, വെന്‍റിലേറ്ററിൽ 1138 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്.
ചികിത്സാ സംവിധാനത്തിന്‍റെ എണ്‍പത് ശതമാനം ഉപയോഗിച്ച സ്ഥിതിയാണ്. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ ഒരു വര്‍ധന ആരോഗ്യ വിദഗ്‌ധരേയും ആശങ്കയിലാക്കുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ആയി 508 ഐസിയു, 285 വെന്‍റിലേറ്റർ, 1661 ഓക്‌സിജൻ കിടക്കകള്‍ എന്നിവയാണ് ഇനി ഒഴിവുള്ളത്. പ്രതിദിന വര്‍ധന അൻപതിനായിരം വരെയെത്തുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.