തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്നതിനിടെ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍.ജയരാജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് 18 പേരെ കൂടി നിയമിച്ച തീരുമാനം വിവാദത്തിലേക്ക്. പ്രതിവര്‍ഷം സര്‍ക്കാരിന് 3 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം ശക്തമായി.
18 പേരെ കൂടി നിയമിച്ചതോടെ ചീഫ് വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണം 25 ആയി ഉയര്‍ന്നു. സാധാരണ ഗതിയില്‍ 25 പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ നിയമിക്കുന്ന മന്ത്രിമാര്‍ക്ക് അത്രയും പേരെ ആവശ്യമുണ്ടെന്ന ന്യായീകരണമെങ്കിലുമുണ്ട്. എന്നാല്‍ നിയമസഭാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ മാത്രം ആവശ്യമായ ചീഫ് വിപ്പിന്റെ ഓഫിസിന് ഇത്രയും സ്റ്റാഫംഗങ്ങള്‍ എന്തിനെന്ന ചോദ്യമാണ് വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഒരു പ്രൈവറ്റ് സെക്രട്ടറി, 2 അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍, 2 അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിമാര്‍, 4 ഓഫിസ് അസിസ്റ്റന്റുമാര്‍, 5 ക്ലാര്‍ക്കുമാര്‍, ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ഒരു അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്‍റ്, ഒരു അസിസ്റ്റന്റ് എന്നിവരെയാണ് പുതുതായി നിയമിച്ചത്. 23,000 രൂപ മുതല്‍ 1,60,000 രൂപ വരെയാണ് പുതിയ സ്റ്റാഫുകളുടെ ശമ്പളം.
ALSO READ:പൊലീസിനെതിരെ സി.പി.ഐ ; കാനത്തെ തള്ളാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവം
ചീഫ് വിപ്പായി ജയരാജ് ചുമതലയേറ്റപ്പോള്‍ 8 പേരെ നിയമിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിക്ക് പുറമേയാണ് പുതിയ നിയമനം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2011-16 കാലത്ത് ചീഫ് വിപ്പായിരുന്ന പി.സി.ജോര്‍ജിന് 30 പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ ഇടതുപക്ഷം ശക്തമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് 5 പേരെ ഒഴിവാക്കാന്‍ പി.സി.ജോര്‍ജ് തീരുമാനിച്ചു.
അന്ന് നിയമസഭയില്‍ ഭരണപക്ഷത്ത് 72 ഉം പ്രതിപക്ഷത്ത് 68 അംഗങ്ങളും ഉണ്ടായിരുന്നതിനാല്‍ സഭയില്‍ വോട്ടെടുപ്പ് സമയത്ത് ഭരണ പക്ഷത്തിനനുകൂലമായ അംഗസംഖ്യ തികയ്ക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ചീഫ് വിപ്പിനുണ്ടായിരുന്നു. എന്നാല്‍ ഇന്നാകട്ടെ 140 അംഗ കേരള നിയമസഭയില്‍ ഭരണ പക്ഷത്തിന് 99 അംഗങ്ങളുടെ വന്‍ പിന്തുണയുള്ള സാഹചര്യത്തില്‍ ചീഫ് വിപ്പ് എന്നത് വെറും ആലങ്കാരിക പദവി മാത്രമാണ്.
തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍.ഡി.എഫില്‍ ചേക്കേറിയ കേരള കോണ്‍ഗ്രസ് എമ്മിന് സി.പി.എം അനുവദിച്ച ഒരു ഉപകാര സ്മരണ മാത്രമായാണ് ചീഫ് വിപ്പ് പദവി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ചീഫ് വിപ്പായിരുന്ന ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ.രാജന് 10 പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
ജയരാജിന് ഇത്രയും സ്റ്റാഫ് എന്തിനെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മന്ത്രി പദവിയുള്ള ആള്‍ക്ക് മന്ത്രിമാര്‍ക്ക് നിയമിക്കാവുന്നത്രയും പെഴ്‌സണല്‍ സ്റ്റാഫാകാം എന്ന് നിയമനത്തെ ന്യായീകരിച്ച് സി.പി.എം രംഗത്തുവന്നു. ജയരാജാകട്ടെ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
സാമ്പത്തിക നിയന്ത്രണങ്ങളുടെ പേരില്‍ പി.എസ്.സി നിയമനങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുമ്പോഴുള്ള ഈ അനാവശ്യ ധൂര്‍ത്ത് ഉദ്യോഗാര്‍ഥികളുടെ അമര്‍ഷത്തിനിടയാക്കിയിട്ടുമുണ്ട്.