തിരുവനന്തപുരം : ഭൂപതിവ് ചട്ടങ്ങള്‍ (Land Assignment) ലംഘിച്ച് ഇടുക്കിയുള്‍പ്പടെയുള്ള പട്ടയ ഭൂമിയില്‍ നിര്‍മ്മിച്ച അനധികൃത നിര്‍മ്മാണങ്ങള്‍ (Illegal Construction) ഇനി മുതല്‍ ക്രമവിധേയം. പട്ടയ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവത്കരിച്ചുകൊണ്ടുള്ള ഭൂപതിവ് ചട്ട ഭേദഗതി നിയമസഭ ഏകകണ്‌ഠേന പാസാക്കി. ഇടുക്കി (Idukki) ജില്ലയില്‍ ചട്ടം ലഘിച്ച് നിര്‍മ്മിച്ച പാര്‍ട്ടി ഓഫിസുകളും റിസോര്‍ട്ടുകളും ഇതോടെ ഇനി മുതല്‍ നിയമവിധേയമാകും (Amendment In Land Assignment Act).
ഭൂപതിവ് ചട്ടം ലംഘിച്ച് നിര്‍മ്മിച്ച പാര്‍പ്പിടങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും എന്നുമാത്രമല്ല, കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പതിച്ചുനല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിനും നിയമസാധുത കിട്ടും. നിയമം പാസാക്കിയ ശേഷം അതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കുന്നതോടെ നിര്‍മ്മാണങ്ങള്‍ക്ക് നിയമ സാധുതയാകും. റവന്യൂ മന്ത്രി കെ രാജന്‍ അവതരിപ്പിച്ച ഭേദഗതിയിലെ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായ വിയോജിപ്പാണ് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയതെങ്കിലും അവസാനം ബില്ല് പാസാക്കുന്നതിനോട് പ്രതിപക്ഷവും യോജിച്ചതോടെ എതിര്‍പ്പുകൂടാതെ നിയമമാക്കുകയായിരുന്നു.
ബില്ലിനെ പൂര്‍ണമായി പിന്തുണയ്ക്കുകയാണെന്ന് ചര്‍ച്ചയില്‍ അറിയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇടുക്കിയിലെ ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് പറഞ്ഞു. മൂന്നാറില്‍ പ്രശ്‌നമുണ്ടാക്കിയത് പ്രതിപക്ഷമല്ല, വിഎസ് അച്യുതാനന്ദന്‍ (V S Achuthanandan) സര്‍ക്കാരിന്‍റെ കാലത്ത് മൂന്ന് പൂച്ചകളാണ്. ഭൂപതിവ് നിയമത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി സ്വീകരിക്കും എന്ന് നിയമത്തില്‍ പറയുന്നതിനെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എന്ന് ഭേദഗതി ചെയ്യണമെന്നും ഉദ്യോഗസ്ഥന്‍ എന്നുപറഞ്ഞാല്‍ റവന്യൂ മന്ത്രിക്ക് മുകളിലായിപ്പോകുമെന്നും തിരുവഞ്ചൂര്‍ വാദിച്ചു.
നല്ല ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നതെങ്കില്‍ വാണിജ്യസ്ഥാപനങ്ങളെ കൂടി പരിധിയിലാക്കണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ പട്ടയ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ ക്രമ വത്കരിക്കാന്‍ ജനങ്ങള്‍ ഇനിയും ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ നടക്കേണ്ടിവരുമെന്നും മാത്യു പറഞ്ഞു. ഇടുക്കിയില്‍ ഭൂമി കയ്യേറ്റം നടക്കുന്നു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് എം എം മണി പറഞ്ഞു.