തിരുവനന്തപുരം : നഗരസഭയുടെ മാലിന്യ പരിപാലന നിയമാവലി ഭേദഗതി ചെയ്യാൻ തീരുമാനമായി. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് സമഗ്ര മാലിന്യ പരിപാലന നിയമാവലി 2017 ഭേദഗതി ചെയ്യാൻ തീരുമാനമായത് (Amend waste management rules of corporation). ഇതിനായി 5 ദിവസത്തേക്ക് പൊതുജനങ്ങൾക്കും നിർദേശം നൽകാം.
നാളെ രാവിലെ മുതൽ നഗരസഭയുടെ വെബ്സൈറ്റിലോ നഗരസഭ പ്രധാന ഓഫിസിൽ നേരിട്ടോ പൊതുജനങ്ങൾക്കും നിർദേശം നൽകാം. സംസ്ഥാന സർക്കാർ നിയമസഭയിൽ പാസാക്കിയ മാലിന്യ പരിപാലന നിയമാവലി ബില്ലിൽ ഗവർണർ ഒപ്പിട്ടതിന് ശേഷം ഇതാദ്യമായാണ് കൗൺസിൽ യോഗം ചേരുന്നത്.
പൊതുജനങ്ങളുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തിയാകും മാലിന്യ പരിപാലന നിയമത്തിന്‍റെ കരടിന് രൂപം നൽകുക. തുടർന്ന് ഇതു ചർച്ച ചെയ്യാൻ സ്പെഷ്യൽ കൗൺസിൽ യോഗം ചേരും. സ്പെഷ്യൽ കൗൺസിലിലെ നിർദേശം കൂടി ഉൾപ്പെടുത്തിയ ശേഷമാകും അന്തിമ തീരുമാനം. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന് 25000 രൂപ പിഴ ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് മാലിന്യ പരിപാലന നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മാലിന്യ പരിപാലനം, പരിസ്ഥിതി, ശാസ്ത്രം, എഞ്ചിനീയറിങ്, ആരോഗ്യം മേഖലകളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി നഗരസഭ ഹെൽത്ത് ഓഫിസർ കൺവീനറായ സമിതിക്കാകും മാലിന്യ പരിപാലന പരിപാടിയുടെ ചുമതല. പദ്ധതി നിർവഹണത്തിന്‍റെ മുഴുവൻ ചുമതലയും ഈ സമിതിക്കായിരിക്കും. വാർഡ് തലത്തിൽ ശുചിത്വാരോഗ്യ സമിതികളും രൂപീകരിക്കും.
വാർഡ് കൗൺസിലർ ചെയർമാനും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ കൺവീനരുമായാകും വാർഡ് തല ശുചിത്വാരോഗ്യ സമിതിയുടെ പ്രവർത്തനം. ഹെൽത്ത് ഓഫിസറെ കാക്കാതെ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർക്ക് തന്നെ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് പിഴ ചുമത്താനാകും. മാലിന്യ നിർമാർജനത്തിന് നഗരസഭ നൽകുന്ന സേവനത്തിന് ഫീസും ഈടാക്കും.
നിലവിൽ ഹരിത കർമ്മ സേനയുടെ സേവനത്തിന് ഫീസ് ഈടാക്കുന്നുണ്ട്. ഇതു പരിശോധിക്കണമെന്ന് ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ ചർച്ച ഉയർന്നു. പൊതുജനങ്ങളുടെ കൂടി നിർദേശം ഉൾപ്പെടുത്തിയ ശേഷം ചേരുന്ന സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരും.
തെരുവ് വിളക്കുകൾ കത്തുന്നില്ല, യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം:നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു. വിളക്കുകളിൽ 80 ശതമാനം കത്തുന്നുണ്ടെന്നും കേടായവ ഒരു മാസത്തിനകം നന്നാക്കുമെന്നും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ മേടയിൽ വിക്രമൻ മറുപടി നൽകി.
ഓണക്കാലം മുതൽ കേടായ തെരുവ് വിളക്കുകളുണ്ടെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചപ്പോൾ പ്രതിഷേധം കണ്ടിട്ട് പേടിയാകുന്നുവെന്നായിരുന്നു എൽഡിഎഫ് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിന്‍റെ മറുപടി. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി സ്വകാര്യ കമ്പനികളുമായി ഏർപ്പെടുന്ന കരാറിലെ വ്യവസ്ഥകൾ ലഭ്യമാക്കണമെന്ന് ബിജെപി കൗൺസിലർ ഗിരികുമാർ ആവശ്യപ്പെട്ടു.
എന്നാൽ സാങ്കേതിക സമിതി കൂടിയ ശേഷം മാത്രമേ ഇതു ലഭ്യമാകുവെന്ന് മേയർ ആര്യ രാജേന്ദ്രൻ മറുപടി നൽകി. തെരുവ് വിളക്കുകൾ കേടായാൽ ഉടൻ സന്ദേശം ലഭിക്കുന്ന സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ നടത്തിപ്പിലെ വീഴ്‌ചയെയും യുഡിഎഫും ബിജെപിയും വിമർശിച്ചു. നഗരസഭയുടെ പ്രദേശങ്ങളെ മൂന്ന് സോണുകളായി തിരിച്ച് ഏജൻസിക്ക് കരാർ നൽകാനാണ് നീക്കം. നാളത്തെ സാങ്കേതിക സമിതി യോഗത്തിന് ശേഷം ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിക്കും.
Also Read:പിക്കപ്പ് ഓട്ടോയുടെ പേരിൽ കാറിന് ഇൻഷുറൻസ്; തിരുവനന്തപുരം നഗരസഭക്കെതിരെ പുതിയ ആക്ഷേപം
ട്രിവാൻഡറും ലൈറ്റ് മെട്രോ പദ്ധതിയുടെ മൊബൈലിറ്റി പ്ലാനിന് ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലും അംഗീകാരം ലഭിച്ചില്ല. ഫൈനൽ ഡ്രാഫ്റ്റ് കൗൺസിലർമാർക്കെല്ലാം ലഭിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇത് അജൻഡയിൽ നിന്നും മാറ്റുകയായിരുന്നു.