കേരളം

kerala

ETV Bharat / state

രാഖി വധം: ഒന്നാം പ്രതി അഖിൽ റിമാൻഡിൽ - amboori murder

പ്രതികളെ മൂന്നുപേരെയും കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് പൊലീസ് അപേക്ഷ നൽകും.

അമ്പൂരി കൊലക്കേസ്

By

Published : Jul 30, 2019, 2:09 AM IST

തിരുവനന്തപുരം: അമ്പൂരി കൊലക്കേസിലെ മുഖ്യ പ്രതി അഖിലിനെ നെയ്യാറ്റിൻകര രണ്ടാം മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് ഒമ്പതാം തിയതി വരെ റിമാൻഡ് ചെയ്തു. രാഖിയുടെ മൊബൈൽ ഫോൺ, ബാഗ്, വസ്ത്രം എന്നിവ ഇനിയും കണ്ടെത്താനുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ മൂന്നുപേരെയും കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് പൊലീസ് അപേക്ഷ നൽകും. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്‍റെ പ്രധാന ചുരുളുകൾ അഴിയുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

രാഖി വധം: ഒന്നാം പ്രതി അഖിൽ റിമാൻഡിൽ

രാവിലെ പത്തരയോടെ പൂവാർ സ്റ്റേഷനിൽ നിന്ന് കനത്ത സുരക്ഷയിലായിരുന്നു അഖിലിനെ സംഭവസ്ഥലത്ത് എത്തിച്ചത്. പ്രതിയെ കൊണ്ടുവരുന്നു എന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തട്ടാൻമുക്കിൽ തടിച്ചുകൂടിയത്. സംഭവത്തിൽ അഖിലിന്‍റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്നും, അവരെയും കസ്റ്റഡിയിൽ എടുക്കണമെന്നും ആവശ്യപ്പെട്ട് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത് പൊലീസിന് തലവേദനയായി. രാഖിയെ കുഴിച്ചുമൂടിയ സംഭവം അഖിൽ പൊലീസിന് വിശദീകരിച്ചു നൽകി. തുടർന്ന് മൂന്നാം പ്രതി ആദർശിന്‍റെ വീട്ടില്‍ എത്തിച്ച് പൊലീസ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. തെളിവെടുപ്പിന് ഫോറൻസിക് സംഘത്തിന്‍റെ സഹായവും പൊലീസ് തേടിയിരുന്നു. തുടർന്ന് അമ്പൂരി കൂമ്പിടിച്ച് കടവിൽ പ്രതികൾ ഒത്തുകൂടിയ സ്ഥലത്തും പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. എന്നാൽ ഇവിടെനിന്നും രാഖിയുടെ വസ്ത്രങ്ങളോ ബാഗോ പൊലീസിനു കണ്ടെടുക്കാൻ കഴിഞ്ഞില്ല.

താനുമായുള്ള വിവാഹം നടന്ന കാര്യം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയാണ് കൊലയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അഖിൽ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കേസന്വേഷണത്തെ ബാധിക്കുന്നതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാനാകില്ലെന്നും നാട്ടുകാർ ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതായും നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details