തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ ചെടിക്കടയ്‌ക്കുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മുഖ്യപ്രതി രാജേന്ദ്രന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വിദഗ്‌ധന്‍. സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും എംബിഎ ബിരുദവുമുള്ള ഇയാള്‍ മോഷണത്തിലൂടെ കൈക്കലാക്കുന്ന പണം ഓണ്‍ലൈന്‍ ട്രേഡിങ്ങിനാണ് ഉപയോഗിക്കുന്നത്.
അമ്പലമുക്ക് അഗ്രോ ക്ലിനിക്കെന്ന നഴ്‌സറിയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വര്‍ണം പണയംവച്ച് കിട്ടിയ 95,000 രൂപയില്‍ 32,000 രൂപയും ഓണ്‍ലൈന്‍ ട്രേഡിങ്ങിന് ഉപയോഗിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലിക്ക് നിന്നത് മോഷണം ലക്ഷ്യംവച്ചുകൊണ്ടാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പണത്തോടുള്ള ആര്‍ത്തിയാണ് വിദ്യാസമ്പന്നനായിട്ടും ഇയാളെ കൊടുംകുറ്റവാളിയാക്കിയത്. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയതും പണത്തിന് വേണ്ടിയായിരുന്നു. കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ശേഷമായിരുന്നു കൊലപാതകം. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി, മകള്‍ അബിശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുകൂടാതെ രാജേന്ദ്രന്‍ മറ്റൊരു കൊലപാതകവും നടത്തിയിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ഒരു കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ കേരളത്തിലേക്ക് കടന്നത്. വിനീതയെ കൊലപ്പെടുത്തിയ ശേഷം മുട്ടടയിലെത്തി ആലപ്പുറം കുളത്തിന് സമീപം രക്തം പുരണ്ട വസ്ത്രവും കത്തിയും കുളത്തിലെറിഞ്ഞ ശേഷം ടീഷര്‍ട്ട് ധരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.