തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭ സെക്രട്ടറിയായി ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്‌ജി എ.എം ബഷീറിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നിലിവില്‍ നെടുമങ്ങാട് കുടുംബ കോടതി ജഡ്‌ജിയാണ്. തൃശൂര്‍ വടക്കാഞ്ചേരി മച്ചാട് ദേശത്ത് അമ്മണത്ത് മൊയ്‌തുണ്ണിയുടെയും ഹവ്വാവുമ്മയുടെയും മകനാണ്.
വടക്കാഞ്ചേരിയില്‍ അഭിഭാഷകനായിരിക്കെ 2002ല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആയി നിയമനം ലഭിച്ചു. തുടര്‍ന്ന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ സി.ജെ.എം ആയിരുന്നു.
എറണാകുളം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായിരിക്കേ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2018ലെ പ്രളയ കാലത്ത് അതോറിറ്റിയുടെ ഇടപെടല്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് ലോ കോളജില്‍ നിയമ വിദ്യാർഥിയായിരിക്കെ 'ഒരു പോരാളി ജനിക്കുന്നു' എന്ന തന്‍റെ ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിച്ചു.
'ഉറുപ്പ', 'പച്ച' മനുഷ്യന്‍ എന്നിവ മലയാളം നോവലും 'റയട്ട് വിഡോസ്' ഇംഗ്ലീഷ് നോവലുമാണ്. കേരള ജുഡീഷ്യല്‍ സര്‍വീസില്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്‌ജിയായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് കേരള ഹൈക്കോടതി തയാറാക്കുന്ന അഞ്ച് പേരടങ്ങുന്ന പാനലില്‍ നിന്നാണ് സര്‍ക്കാര്‍ നിയമസഭ സെക്രട്ടറിയെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നത്.