തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്‌ഷിപ്മെന്‍റ് കണ്ടെയ്‌നര്‍ തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞത്തെ മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ബജറ്റില്‍ തുക വകയിരുത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ സമീപ പ്രദേശങ്ങളില്‍ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിനായി 75 കിലോമീറ്റര്‍ ദൂരത്തില്‍ വ്യാവസായിക ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിച്ചു.
വിഴിഞ്ഞം പദ്ധതി വികസന കുതിപ്പിലേക്ക്; വ്യാവസായിക ഇടനാഴിക്ക് 1,000 കോടി പ്രഖ്യാപിച്ചു - വിഴിഞ്ഞം വാണിജ്യ ഇടനാഴി
വിഴിഞ്ഞം വ്യാവസായിക ഇടനാഴിയ്‌ക്ക് 1,000 കോടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. 5,000 കോടി രൂപയുടെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് 1,000 കോടി വകയിരുത്തിയത്
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള 63 കിലോമീറ്ററും തേക്കട മുതല്‍ മംഗലപുരം വരെയുള്ള 12 കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്നതാണ് വ്യാവസായിക ഇടനാഴി. ഏകദേശം 5,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 1,000 കോടി രൂപ കിഫ്‌ബി വഴി അനുവദിച്ചു. വ്യാവസായിക ഇടനാഴിയുടെ ഇരുവശങ്ങളിലും താമസിക്കുന്ന ജനങ്ങളെ പങ്കാളികളാക്കി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക് സെന്‍ററുകള്‍ ജനവാസ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കാനും പദ്ധതിയുണ്ട്.
സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍, ഭൂ ഉടമകള്‍ എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള വികസ പദ്ധതികളും സര്‍ക്കാര്‍ ആലോചനയില്‍ ഉണ്ട്. ലാന്‍ഡ് പൂളിങ് സംവിധാനവും പിപിപി വികസന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി 60,000 കോടിയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.