ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോള്‍ സാധനങ്ങള്‍ ശേഖരിക്കേണ്ടതില്ലെന്ന് കലക്ടര്‍; വ്യാപക പ്രതിഷേധം - സോഷ്യൽ മീഡിയയിൽ രോഷം
ഇന്നലെ രാത്രിയാണ് സാധനങ്ങള്‍ ഇപ്പോൾ ശേഖരിക്കേണ്ടതില്ലെന്നും ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വിവരം കിട്ടിയിട്ട് തീരുമാനിക്കമെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ പ്രതികരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനം കാലവര്‍ഷക്കെടുതിയില്‍ കഷ്ടപ്പെടുമ്പോൾ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത് സംബന്ധിച്ച തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് ലൈവിലെ പരാമർശം വിവാദമാകുന്നു. ഇന്നലെ രാത്രിയാണ് സാധനങ്ങള്‍ ഇപ്പോൾ ശേഖരിക്കേണ്ടതില്ലെന്നും ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വിവരം കിട്ടിയിട്ട് തീരുമാനിക്കാമെന്നും കലക്ടര്‍ പ്രതികരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഫേസ്ബുക്ക് വീഡിയോക്ക് താഴെ കലക്ടറെ രൂക്ഷമായി വിമര്‍ശിക്കുന്ന കമന്‍റുകൾ നിറയുകയാണ്. അതിനിടെ കലക്ടര്‍ അവധി എടുത്ത് പോയതായും ആരോപണമുണ്ട്. കഴിഞ്ഞ തവണ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിന് മുമ്പില്‍ നിന്നത് തിരുവനന്തപുരം ജില്ലാ ഭരണകൂടമായിരുന്നു. അന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആയിരുന്ന കെ വാസുകിയുടെ നേതൃത്വത്തില്‍ മാതൃകപരമായ പ്രവര്‍ത്തനമായിരുന്നു തിരുവനന്തപുരം കാഴ്ചവച്ചത്. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സാധനങ്ങള്‍ ഒന്നും നല്‍കേണ്ട എന്ന ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍റെ ആഹ്വാനം.