തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി സർക്കാർ വിളിച്ച സർവകക്ഷിയോഗം നാളെ. രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് സർക്കാർ നിലപാട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പ്; സർവകക്ഷിയോഗം നാളെ
യോഗത്തിന്‍റെ പൊതു നിലപാട് തെരഞ്ഞെടുപ്പ് മാറ്റാമെന്നതാണെങ്കിൽ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക.
ഒരുമിച്ച് തെരഞ്ഞെടുപ്പ് വേണ്ട എന്ന് നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് നീക്കം. നാലുമാസത്തെ കാലാവധിക്ക് വേണ്ടി ഒരു തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. ബിജെപിയും ഇതേ നിലപാടിലാണ്. നവംബർ 30ന് മുമ്പ് കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. ഈ തീരുമാനത്തിനെതിരെ സംയുക്തമായി തെരഞ്ഞെടുപ്പ് കമ്മിഷനെ എതിർപ്പ് അറിയിക്കുന്നതിനായാണ് സർവകക്ഷി യോഗം ചേരുന്നത്. യോഗത്തിന്‍റെ പൊതു നിലപാട് തെരഞ്ഞെടുപ്പ് മാറ്റാം എന്നതാണെങ്കിൽ സർക്കാർ ഇക്കാര്യം ഔദ്യോഗികമായി കമ്മിഷനെ അറിയിക്കും.
ഉപതെരഞ്ഞെടുപ്പ് മാറ്റുന്നതിനൊപ്പം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി മാറ്റണമെന്ന നിലപാട് കൂടി പ്രതിപക്ഷത്തിനുണ്ട്. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റുന്നതിൽ സർക്കാറിന് എതിർപ്പുണ്ട്. നാളത്തെ സർവകക്ഷി യോഗം ഇക്കാര്യങ്ങൾ എല്ലാം വിശദമായി ചർച്ച ചെയ്യും. തക്കതായ കാരണം ഉണ്ടെങ്കിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കാമെന്നും എല്ലാ രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടാൽ മാത്രമേ ഇക്കാര്യം പരിഗണിക്കുകയുള്ളൂവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പുമായി സംബന്ധിച്ച് ഈ മാസം 18ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറും സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.