തിരുവനന്തപുരം :എസ്.സി പ്രമോട്ടർമാരായി പാർട്ടി കൊടി പിടിച്ചവരെ മാത്രം നിയമിച്ചാൽ മതിയെന്ന സിപിഎം അനുകൂല സംഘടനയായ ആദിവാസി ക്ഷേമ സമിതി നേതാവിന്‍റെ ശബ്‌ദരേഖ വിവാദത്തിൽ. പാർട്ടിയുമായി സഹകരിക്കാത്തവരെയും സംഘടനയുമായി ബന്ധമില്ലാത്തവരെയും നിയമനത്തിൽ നിന്ന് ഒഴിവാക്കണമെന്നും, നിലവിലെ പ്രമോട്ടർമാർക്ക് സംഘടനയുമായി ബന്ധമില്ലെന്നും അവരെ വീണ്ടും പ്രമോട്ടർമാരാക്കരുതെന്നും ശബ്‌ദ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഈ മാസം 20-ാം തീയതിയാണ് എസ്.സി പ്രമോട്ടർമാരുടെ താത്‌കാലിക നിയമനത്തിനായി സർക്കാർ അപേക്ഷ ക്ഷണിച്ചത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജൂൺ മാസം അഞ്ചാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി. ഇതിന് പിന്നാലെയാണ് ആദിവാസി ക്ഷേമസമിതിയുടെ തിരുവനന്തപുരം ജില്ല നേതാവ് സംഘടനയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ വിവാദമായ ശബ്‌ദ സന്ദേശം ഇട്ടത്.
സർക്കാർ അപേക്ഷ ക്ഷണിച്ചതിന് പിന്നാലെ തന്നെ നിലവിലെ പ്രമോട്ടർമാർ വീണ്ടും നിയമനത്തിനായി ശ്രമം തുടങ്ങിയെന്നും ഇതിനായി നേതാക്കളെ എല്ലാം വിളിക്കുകയാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രമോട്ടർമാരായി ജോലി ചെയ്യുന്നവർക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല.
ആദിവാസി ക്ഷേമസമിതിയുടെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്ക് പോലും തിരിഞ്ഞുനോക്കാത്തവരാണ് പലരും. ഇവർക്ക് പുനർനിയമനം നൽകരുത്. സിപിഎമ്മുമായി ബന്ധമുള്ളവരെ ശുപാർശ ചെയ്യാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ശബ്‌ദ സന്ദേശത്തിൽ പറയുന്നുണ്ട്.
ജോലിക്ക് കയറിയ ശേഷം എല്ലാം ശരിയാക്കാം എന്ന് പറയുന്നവരെ നിയമിക്കരുത്. പ്രമോട്ടർമാരെ നിയമിക്കുന്നതിന് മുമ്പ് ആദിവാസി ക്ഷേമ സമിതിയുടെ ഘടകങ്ങളുമായി ആലോചിക്കണം. നിയമിക്കുന്നവരുടെ പശ്ചാത്തലം സംഘടന പരിശോധിക്കണമെന്നും നേതാവ് വ്യക്തമാക്കുന്നുണ്ട്.