തിരുവനന്തപുരം : 'വിജയിക്കാനുറച്ച് മുന്നേറിയാൽ ഒരു തടസങ്ങൾക്കും നമ്മെ പരാജയപ്പെടുത്താനാകില്ല'. ഈ വാക്കുകൾ യാഥാർഥ്യമാക്കുന്നതാണ് തിരുവനന്തപുരം സ്വദേശിനിയായ അഖില ബി എസിന്‍റെ ജീവിതം. അഞ്ചാം വയസിൽ ബസ് അപകടത്തിൽപ്പെട്ട് വലതുകൈ നഷ്‌ടപ്പെട്ടിട്ടും ഇടത് കൈയ്യിൽ സർവ ഊർജവും ആർജിച്ച് അഖില നേടിയെടുത്തത് സിവിൽ സർവീസിലെ 760-ാം റാങ്കാണ്.
കോട്ടൺഹിൽ ഗവൺമെന്‍റ് ഗേൾസ് ഹൈസ്‌കൂളിലെ മുൻ ഹെഡ്‌മാസ്റ്ററായിരുന്ന കെ ബുഹാരിയുടെയും സജിന ബീവിയുടെയും രണ്ടാമത്തെ മകളായ അഖിലയുടെ ജീവിതം മാറ്റി മറിച്ച അപകടമാണ് 2000 സെപ്‌തംബർ 11ന് ഉണ്ടായത്. അന്ന് ഉണ്ടായ ബസ് അപകടത്തിൽ അഖിലയുടെ വലത് തോളിന് താഴേക്ക് കൈയ്യുടെ ഭാഗം മുഴുവൻ മുറിഞ്ഞ് പോവുകയായിരുന്നു. കൃത്രിമ കൈ ഘടിപ്പിക്കാൻ ജർമനിയിൽ നിന്ന് ഉൾപ്പടെയുള്ള വിഗദ്‌ധ സംഘം മുംബൈയിൽ എത്തിയെങ്കിലും അവിടെയും വിധി അഖിലയ്ക്ക് എതിരായിരുന്നു.
തോളറ്റം മുറിഞ്ഞതിനാൽ കൃത്രിമ കൈ ഘടിപ്പിക്കാൻ പറ്റില്ലെന്നായിരുന്നു മെഡിക്കൽ സംഘം അറിയിച്ചത്. എന്നാൽ അവിടെ തോൽക്കാൻ അഖില തയ്യാറായിരുന്നില്ല. എഴുത്ത് ഉൾപ്പടെ ദൈനംദിന ജോലികൾ എല്ലാം ഇടത് കൈകൊണ്ട് ചെയ്യാൻ ശീലിച്ച് തുടങ്ങി. ഉറച്ച ദൃഢനിശ്ചയത്തോടെ മുന്നേറിയതിനാൽ തന്നെ വളരെ വേഗം തന്നെ അഖില ഇതിൽ വിജയം കാണുകയും ചെയ്‌തു.
പിന്നാലെ പത്താം ക്ലാസ് പരീക്ഷയിലും ഹയർ സെക്കൻഡറി പരീക്ഷയിലും ഉയർന്ന മാർക്കോടെ അഖില പാസായി. തുടർന്ന് ഐഐടി മദ്രാസിൽ ഇന്‍റഗ്രേറ്റഡ് എംഎ പഠനത്തിന് ശേഷം സിവിൽ സർവീസ് എന്ന സ്വപ്‌നത്തിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് അഖില സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. ആദ്യ രണ്ട് ശ്രമങ്ങളിലും പ്രിലിമിനറി വരെ എത്താൻ സാധിച്ചിരുന്നു.
കഷ്‌ടപ്പെട്ട് നേടിയ വിജയം : അതേസമയം ഈ നേട്ടത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അഖില വ്യക്‌തമാക്കി. 'സ്‌കൂളിൽ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകനാണ് സിവിൽ സർവീസ് എന്ന സ്വപ്‌നം എന്‍റെ മനസിൽ പാകിയത്. ഈ നേട്ടത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 2019-ൽ ബിരുദം നേടിയതിന് തൊട്ടുപിന്നാലെ ഞാൻ എന്‍റെ തയ്യാറെടുപ്പ് ആരംഭിക്കുകയായിരുന്നു. 2020, 2021, 2022 വർഷങ്ങളിൽ ഞാൻ പരീക്ഷ എഴുതി.
മൂന്ന് തവണയും ഞാൻ പ്രിലിമിനറി പാസായി. പക്ഷേ രണ്ട് തവണ ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. ആദ്യമായിട്ടാണ് ഞാൻ ലിസ്റ്റിൽ ഇടം നേടുന്നത്. ആദ്യത്തെ ഒരു വർഷം ഞാൻ ബാംഗ്ലൂരിലെ ഒരു കോച്ചിങ് സ്ഥാപനത്തിലാണ് പരിശീലനം നടത്തിയത്. അതിന് ശേഷം കേരളത്തിൽ തിരിച്ചെത്തി തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശീലനം നേടുകയായിരുന്നു' - അഖില പറഞ്ഞു.
'സിവിൽ സർവീസിന്‍റെ മുന്നൊരുക്കം വളരെ ദൈർഘ്യമേറിയതായിരുന്നു. അത് തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയും. പരിശീലനത്തിൽ വളരെയധികം കഠിനാധ്വാനം ആവശ്യമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം എനിക്ക് ദീർഘനേരം ഇരിക്കാൻ കഴിയുമായിരുന്നില്ല. പരീക്ഷയിൽ തുടർച്ചയായി മൂന്ന് - നാല് മണിക്കൂർ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ കഠിനമായിരുന്നു.
മൂന്ന് നാല് മണിക്കൂർ തുടർച്ചയായി എനിക്ക് എഴുതാൻ കഴിയുമായിരുന്നില്ല. എന്നാൽ മെയിൻ പരീക്ഷയിൽ എനിക്ക് മൂന്ന് ദിവസത്തോളം തുടർച്ചയായി എഴുതേണ്ടി വന്നിരുന്നു. അത് എനിക്ക് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ഐഎഎസ് നേടുക എന്ന ഉറച്ച ലക്ഷ്യത്തിൽ നിന്ന് പിൻമാറാൻ ഞാൻ തയ്യാറായിരുന്നില്ല. ആഗ്രഹിച്ച ഫലം ലഭിക്കുന്നത് വരെ പരിശ്രമിച്ചുകൊണ്ടിരിക്കുമെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു' - അഖില കൂട്ടിച്ചേർത്തു.