തിരുവനന്തപുരം:എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതിയെ കുറിച്ച് ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്.
എ.കെ.ജി സെൻ്റർ ആക്രമണം: 10 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ് - thiruvananthapuram latest news
അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങളും ആയിരത്തിലധികം ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ചുള്ള ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല
ആയിരത്തിലധികം ഫോണ്‍ രേഖകളും പരിശോധിച്ചു. പക്ഷേ പ്രതിയിലേക്ക് എത്തുന്ന ഒരു വിവരവും ഇതുവരെയും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്‌ത്രീയ പരിശോധനയിലേക്ക് കടക്കുകയാണ് പൊലീസ്. അക്രമി എത്തിയ സ്‌കൂട്ടറിന്‍റെ നമ്പര്‍ തിരിച്ചറിയാന്‍ ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ഇതിനായി സി ഡാക്കിന്‍റെ സഹായം അന്വേഷണ സംഘം തേടി. ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട ഒരാളെ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. രാത്രി നടന്ന സംഭവമായതിനാല്‍ പ്രതിയെ പിടികൂടാന്‍ വൈകുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചെങ്കിലും വൈകിയാലും കൃത്യമായി പ്രതിയിലേക്ക് എത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയാണ് അന്വേഷണ സംഘത്തിന് ആശ്വാസം.