തിരുവനന്തപുരം : എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജിതിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അതീവ രഹസ്യമായി പുലര്‍ച്ചെ നാലരയോടെ സംഭവ സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ സിപിഎം പ്രവർത്തകർ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നടപടി.
പൊലീസ് വാഹനം ഒഴിവാക്കി, യാത്ര അതീവ രഹസ്യമായി ; എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് - പ്രതിയുമായി തെളിവെടുപ്പ്
എകെജി സെന്‍ററിന് നേരെ സ്‌ഫോടകവസ്‌തു എറിഞ്ഞ കേസില്‍ കസ്‌റ്റഡിയിലുള്ള പ്രതി ജിതിനെ അതീവ രഹസ്യമായി സംഭവ സ്ഥലത്തെത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി
പൊലീസ് വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ ആക്രമണ സമയത്ത് ധരിച്ചിരുന്ന ടീ ഷര്‍ട്ട് കടലിലെറിഞ്ഞുവെന്ന് പ്രതി വെളിപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ആദ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ വസ്‌ത്രം കടലിലെറിഞ്ഞുവെന്നാണ് പ്രതി പറഞ്ഞതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി സഞ്ചരിച്ച സ്‌കൂട്ടറിനെ കുറിച്ചും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം. അതേസമയം പ്രതിയെ ഇനി കസ്‌റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെ തീരുമാനം.