തിരുവനന്തപുരം: കഞ്ചാവ് കേസില്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് എകെജി സെന്‍റർ ആക്രമണ കേസില്‍ റിമാന്‍ഡിലായ പ്രതി വി.ജിതിന്‍. സമ്മര്‍ദ്ദത്തിലൂടെയും ഭീഷണിയിലൂടെയും പൊലീസ് കുറ്റം സമ്മതിപ്പിച്ചതാണ്. എകെജി സെന്‍ററിന് നേരെ സ്‌ഫോടക വസ്‌തുവെറിഞ്ഞ സംഭവത്തില്‍ ഒരു പങ്കുമില്ലെന്നും ജിതിൻ പറഞ്ഞു.
എകെജി സെന്‍റർ ആക്രമണം: ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്ന് പ്രതി ജിതിൻ - കേരള വാർത്തകൾ
സമ്മര്‍ദ്ദത്തിലൂടെയും ഭീഷണിയിലൂടെയും പൊലീസ് കുറ്റം സമ്മതിപ്പിച്ചതാണ്. കഞ്ചാവ് കേസില്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എകെജി സെന്‍റർ ആക്രമണ കേസിലെ പ്രതി ജിതിൻ.
കടുത്ത സമ്മര്‍ദ്ദമാണ് ചോദ്യം ചെയ്യലില്‍ അനുഭവിച്ചതെന്നും ജിതിന്‍ പറഞ്ഞു. വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചപ്പോഴാണ് കുറ്റം ചെയ്‌തിട്ടില്ലെന്ന് ജിതിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നലെയാണ് (22/09/2022) യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റായ ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അടുത്തമാസം ആറ് വരെ റിമാന്‍ഡ് ചെയ്‌തിരുന്നു. സംഭവ സമയത്ത് ജിതിന്‍ ഉപയോഗിച്ചിരുന്ന വാഹനം, ധരിച്ചിരുന്ന വസ്ത്രം എന്നിവ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിനായി ജിതിനെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം കോടതി ഇന്ന് അംഗീകരിച്ചിട്ടുണ്ട്.