തിരുവനന്തപുരം : ഇനിയും പ്രതികളെ കണ്ടെത്താനാവാത്ത, എകെജി സെന്‍ററിന് നേര്‍ക്ക് പടക്കമെറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി സൂചന. പൊലീസിന്‍റെ പ്രത്യേക സംഘം രൂപീകരിച്ചിട്ടും പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്ത കേസ് നിലവില്‍ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ശക്തവും കൃത്യവുമായ തെളിവില്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിഭാഗത്ത് നിര്‍ത്തുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യാന്‍ പ്രത്യേക സംഘം തയാറാവില്ലെന്നാണ് വിവരം.
എകെജി സെന്‍റർ ആക്രമണം : അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് സൂചന - എകെജി സെന്‍റർ ആക്രമണം ക്രൈം ബ്രാഞ്ച് അന്വേഷണം
എകെജി സെന്‍റർ ആക്രമണം കഴിഞ്ഞ് രണ്ടുമാസത്തിലേറെയായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്ക് തിരിഞ്ഞത് എന്നാണ് സൂചന
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കാനുള്ള ശ്രമത്തിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്തെത്തി. ജനങ്ങള്‍ വിഡ്ഢികളാണെന്ന് കരുതരുത്. സിപിഎമ്മിന്‍റെ മുന്‍ കൗണ്‍സിലറാണ് ആക്രമണത്തിന് പിന്നിലെന്നാണ് സമീപത്തെ ചായക്കടക്കാരന്‍ മൊഴി നല്‍കിയത്. ഇപ്പോള്‍ അത് കോണ്‍ഗ്രസുകാരായി. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പൊലീസ് പ്രതിയാക്കുകയാണ്. ഭാരത് ജോഡോ യാത്ര മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.
ജൂണ്‍ 30നാണ് എകെജി സെന്‍ററിനുനേരേ പടക്കമേറുണ്ടായത്. സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെ ആക്രമണമുണ്ടായി രണ്ട് മാസത്തിലേറെയായിട്ടും പ്രതികളെ പിടികൂടാനാകാത്തത് പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.