തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോടിന് സമീപം കൊട്ടാംമുടിയില്‍ ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തിൽ നടപടിക്കൊരുങ്ങി വനം വകുപ്പ്. ലോക്കോ പൈലറ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കന്യാകുമാരിയില്‍ നിന്ന് കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോയ കന്യാകുമാരി–അസം എക്‌സ്പ്രസാണ് കാട്ടാനയെ ഇടിച്ചത്.
കഞ്ചിക്കോട് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍ അപകടം നടന്ന ഭാഗത്ത് 45 കി.മീ ആണ് ട്രെയിനുകളുടെ വേഗപരിധി. ഈ പരിധി ലംഘിച്ചോയെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ വിദഗ്‌ധ പരിശോധന നടത്തിയ ശേഷമേ വ്യക്തത ലഭിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാകും നടത്തുക. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്‌ധനായ വെറ്ററിനറി ഡോക്‌ടറുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 3:15നായിരുന്നു കന്യാകുമാരി അസം എക്സപ്രസ് ഇടിച്ച് 20 വയസുള്ള പിടിയാന ചെരിഞ്ഞത്. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിന്‍ ഇടിച്ചത്. ഇതേ തുടര്‍ന്ന് പാതയിലെ ബി ട്രാക്ക് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇവിടെ മുൻപും നിരവധിതവണ കാട്ടാനകള്‍ അപകടത്തിൽ പെട്ടിട്ടുണ്ട്.