തിരുവന്തപുരം : കോട്ടൂർ കേന്ദ്രത്തിൽ വൈറസ് ബാധയെ തുടർന്ന് കുട്ടിയാനകൾ ചരിഞ്ഞ സംഭവത്തിൽ ആശങ്ക കനക്കുന്നു. ചരിഞ്ഞ ആനകളുടെ ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടിയാനകൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ദുരന്തത്തിന്‍റെ വ്യാപ്തി കൂടിയേക്കാം.
കൂടാതെ രോഗമുക്തി എവിടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഹെർപസ് വൈറസ് ബാധയാണ് ആനകളിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
അടിയന്തര നടപടികൾ സ്വീകരിച്ചതായി മന്ത്രി
കോട്ടൂര്‍ പുനരധിവാസ കേന്ദ്രത്തിലെ ആനകളിൽ കണ്ടെത്തിയ വൈറസ് ബാധ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
'ഹെര്‍പസ്' ; കോട്ടൂരില്‍ ആനക്കുട്ടികൾ ചരിഞ്ഞ സംഭവത്തില്‍ ആശങ്ക കനക്കുന്നു Also read: കോട്ടൂരില്‍ ഒരു കുട്ടിയാന കൂടി ചെരിഞ്ഞ നിലയില്‍
വൈറസ് ബാധ കണ്ടെത്തിയ ഉടൻ മറ്റ് ആനകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വിദഗ്‌ധ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
ചികിത്സയ്ക്ക് അഞ്ച് ഡോക്ടർമാരുടെ സംഘം
അഞ്ച് ഡോക്ടർമാർ അടങ്ങിയ വിദഗ്‌ധ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. അസുഖം വന്ന ആനകൾക്ക് ഫാം സൈക്ലോവിർ എന്ന മരുന്ന് നൽകുന്നുണ്ട്. അസുഖം ബാധിക്കാത്ത ആനകൾക്ക് മുൻകരുതൽ എന്ന നിലയ്ക്ക് അസൈക്ലോവിറും നൽകുന്നുണ്ട്.
രാജ്യത്തെ ലഭ്യമായ വിദഗ്‌ധരുടെ അഭിപ്രായം സ്വീകരിച്ച് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൂടിയായ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദേശം നൽകി.
ആവശ്യമെങ്കിൽ വൈറസ് ഗവേഷണ കേന്ദ്രങ്ങളുടെയും മൃഗശാല, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെയും സേവനങ്ങൾ ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു.