വന്യജീവി ജനന നിയന്ത്രണത്തിനായി സർക്കാർ സുപ്രീംകോടതിയെ സമീപിക്കും: മന്ത്രി എകെ ശശീന്ദ്രൻ തിരുവനന്തപുരം:വന്യജീവി ജനന നിയന്ത്രണത്തിനായി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്ത് വർധിച്ചു വരുന്ന വന്യജീവി അക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ. നിലവിൽ വന്യജീവി ജനന നിയന്ത്രണത്തിന് സുപ്രീംകോടതി സ്റ്റേ നിലനിൽക്കുകയാണ്.
വന്യജീവി ആക്രമണം ഇപ്പോൾ നിരന്തര സംഭവമായി മാറിയിരിക്കുകയാണ്. ആക്രമണം നേരിടാൻ സാധ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിരുന്നുവെങ്കിലും അത് ഫലപ്രാപ്‌തിയിലെത്തിയില്ല. വന്യജീവികളെ തുരത്താനുള്ള നടപടി സ്വീകരിച്ചു വരികയാണ്. എന്നാൽ, ആക്രമണം ഒഴിവാക്കാനാകുന്നില്ലെന്നും സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
കോടതിയിൽ ഇതിനായി അർജന്‍റ് പെറ്റീഷൻ നൽകും. വനത്തിന് വന്യജീവികളെ ഉൾകൊള്ളാനുള്ള ശേഷിയില്ലെന്നാണ് ആക്രമണങ്ങളിലൂടെ മനസിലാകുന്നത്. വാനരന്മാരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. വനവിസ്‌തൃതി സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തും. ഇതിന് ശേഷം വന്യജീവികളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയനാട്ടിലെ കടുവ ആക്രമണം:വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം അങ്ങേയറ്റം ദുഖകരമാണ്. കർഷകന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. കടുവയെ പിടികൂടാനായി പ്രദേശത്ത് കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് മാത്രമേ വിഷയത്തിൽ മുൻപോട്ട് പോകാനാകു. കർണാടക വനംവകുപ്പ് വിഷയത്തിൽ നല്ല രീതിയിൽ സഹകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.