തിരുവനന്തപുരം :മുസ്‌ലിം ലീഗിനെ (IUML) എൽഡിഎഫിലേക്ക് (LDF) ചേർക്കാനോ ഒപ്പം വരാനോ ഇരുകൂട്ടരും തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം (CPM) നേതാവ് എകെ ബാലൻ (AK Balan). ഏക സിവിൽ കോഡ് (Uniform Civil Code) വിഷയത്തിൽ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കാൻ സമസ്‌ത തയ്യാറാവുകയും മുസ്‌ലിം ലീഗ് ക്ഷണം നിരസിക്കുകയും ചെയ്‌തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം നിരസിച്ച് മുസ്‌ലിം ലീഗ് ഇന്ന് രംഗത്തെത്തിയിരുന്നു. പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമായിരുന്നു വിഷയത്തില്‍ ലീഗ് തീരുമാനമെടുത്തത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും ഒരുപോലെ പ്രതികരിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
'കോൺഗ്രസിന് (Congress) ഏക സിവിൽ കോഡിൽ വ്യക്തമായ നിലപാട് ഇല്ല. അങ്ങനെയുള്ള കോൺഗ്രസുമായി ലീഗിന് അധിക കാലം പോകാൻ കഴിയില്ല. ലീഗിന്‍റേത് രാഷ്ട്രീയ തീരുമാനമാണ്.
അതിനെ തെറ്റ് പറയാൻ പറ്റില്ല. ലീഗിന്‍റെ അണികൾ തീരുമാനം അംഗീകരിക്കില്ല. കോൺഗ്രസിനെ ക്ഷണിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സമസ്‌ത ബുദ്ധിജീവി വിഭാഗമാണ്. അവർ നേരത്തെ എല്ലാം തിരിച്ചറിഞ്ഞു' - എകെ ബാലന്‍ പറഞ്ഞു. കോൺഗ്രസിന്‍റെ എം പിമാരിൽ മുസ്‌ലിം ഉണ്ടോയെന്ന് ചോദിച്ച എ കെ ബാലൻ കോൺഗ്രസ് വിമുക്ത ഭാരതം തങ്ങളുടെ മുദ്രാവാക്യം അല്ലെന്നും പറഞ്ഞു.