തിരുവനന്തപുരം : മുസ്‌ലിം ലീഗ് കോൺഗ്രസിന്‍റെ തെറ്റായ വ്യാഖ്യാനങ്ങളെ തിരുത്തുന്നുവെന്നും ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നുവെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ (AK Balan on ET Mohammed Basheer's statement on CPM Palestine solidarity rally). പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സി പി എം ക്ഷണിച്ചാല്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന് മുതിര്‍ന്ന ലീഗ് നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീർ അറിയിച്ചതിന് പിന്നാലെയാണ് എ കെ ബാലന്‍റെ പ്രതികരണം (AK Balan on ET Mohammed Basheer).
ഏത് പക്ഷത്ത് നിൽക്കുന്നു എന്ന് ചിന്തിക്കാറില്ല. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനം ലീഗ് എടുക്കുന്നു. കോൺഗ്രസിന്‍റെ വെറുപ്പുണ്ടായിട്ടും സി പി എം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ അവര്‍ നൽകുന്ന സന്ദേശം അതാണ്. എം വി ഗോവിന്ദനുള്ള പിന്തുണയിലും ഗവർണറെ വിമർശിക്കുന്നതിലും അത് കണ്ടതാണ്.
മുസ്‌ലിം ലീഗിന്‍റെ സമീപനം ശ്ലാഘനീയമാണ്. സി പി എമ്മിന്‍റെ റാലിക്ക് വരാൻ ഞങ്ങൾ തയാറാണ് എന്ന നിലപാടാണ് ലീഗിനുള്ളത്. ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തുകഴിഞ്ഞു. കോൺഗ്രസ് എടുക്കുന്ന സമീപനത്തെ ഒരുതരത്തിലും പിന്തുണയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലീഗെന്നും എ കെ ബാലൻ പറഞ്ഞു.