തിരുവനന്തപുരം: നവകേരള സദസിനായി വാങ്ങിയ ബസ് ടെൻഡർ വച്ച് വിൽക്കാൻ നിന്നാൽ ഇപ്പോൾ വാങ്ങിയതിന്‍റെ ഇരട്ടി വില ലഭിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ (AK Balan on Navakerala bus controversy). ഇപ്പോൾ തന്നെ ഈ ബസ് വാങ്ങാൻ ആളുകൾ സമീപിച്ചിരിക്കുകയാണ്. ഈ ബസ് കാണാൻ പതിനായിരങ്ങളാകും വഴിയരികിൽ തടിച്ചു കൂടുക. മ്യൂസിയത്തിൽ വച്ചാൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് ലക്ഷക്കണക്കിന് ആളുകൾ കാണാൻ വരുമെന്ന് എ കെ ബാലൻ പറഞ്ഞു.
ചലിക്കുന്ന കാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമാണെന്നും ആർഭാടം ആണെന്ന് പറഞ്ഞ് ആരും രംഗത്തുവരേണ്ടെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ ജനങ്ങളെ കാണാൻ പാടില്ല, അവരുടെ പരാതി കേൾക്കാൻ പാടില്ല എന്നത് എന്ത് വാദമാണ്. ഇങ്ങോട്ടാരും വരണ്ട എന്ന് പറയുന്നത് മണ്ഡലത്തിലെ ജനങ്ങളോട് ചെയ്യുന്ന ചതിയാണ്. ലോകചരിത്രത്തിൽ ആദ്യമായാവും നവകേരള സദസ് പോലെ ഒരു ചരിത്ര സംഭവം നടക്കുന്നത്. പ്രതിപക്ഷം മാറിനിൽക്കേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്.
അവരുടെ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എത്തിയാണ് കാര്യങ്ങൾ കേൾക്കുന്നത്. ഭരണ യന്ത്രം എങ്ങനെയാണ് ചലിക്കാൻ പോകുന്നത് എന്നതിന്‍റെ ഉദാഹരണമാണിത്. നല്ല രീതിയിൽ നടന്ന കേരളീയത്തെ കള്ള പ്രചരണം നടത്തി ഇല്ലാതാക്കാൻ ശ്രമിച്ചു. ഇപ്പോൾ, ആദ്യപടിയാണ് ആഡംബര വാഹനം എന്ന പ്രചരണമെന്നും ഇവിടെയും അതേശ്രമം യുഡിഎഫ്, ബിജെപി സംഘത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ബാലൻ കുറ്റപ്പെടുത്തി.