കേരളം

kerala

ETV Bharat / state

പിറന്നാള്‍ ആഘോഷം ഒഴിവാക്കി 'അഞ്‌ജനം'; 'കൈ' മുറുകെപ്പിടിച്ച് ആന്‍റണിയുടെ ഇളയമകന്‍ അജിത്ത് - പിറന്നാള്‍ ആഘോഷം ഒഴിവാക്കി അഞ്‌ജനം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയുടെ വസതിയാണ് തിരുവനന്തപുരം വഴുതക്കാട്ടെ 'അഞ്‌ജനം'. അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തോടെ സഹോദരന്‍ അജിത്ത് ആന്‍റണിയുടെ പിറന്നാള്‍ മധുരം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു 'അഞ്‌ജനം'

ആന്‍റണിയുടെ ഇളയ മകന്‍ അജിത്ത്  anil antony bjp entry  home situation after anil antony bjp entry  ak antonys home situation
ആന്‍റണിയുടെ ഇളയ മകന്‍ അജിത്ത്

By

Published : Apr 6, 2023, 9:33 PM IST

തിരുവനന്തപുരം :എകെ ആന്‍റണിയുടെ ഇളയ മകന്‍ അജിത്ത് ആന്‍റണിയുടെ ജന്മദിനമായിരുന്നു ഇന്ന്. ഈ സന്തോഷത്തിനിടെയാണ് മൂത്തമകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തയെത്തിയത്. ഇതോടെ എകെ ആന്‍റണിയുടെ തിരുവനന്തപുരത്തെ വസതി ഞെട്ടലിലായി.

വീടിനുസമീപത്തെ വൃദ്ധസദനത്തില്‍ ജന്മദിനത്തോട് അനുബന്ധിച്ച് ഭക്ഷണം നല്‍കാനായിരുന്നു തീരുമാനം. ഈ വാര്‍ത്ത വന്നതോടെ ആഘോഷങ്ങളെല്ലാം മാറ്റിവച്ച് ആന്‍റണി ടിവിക്ക് മുന്നിലിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വീടിന് മുന്നിലെത്തിയെങ്കിലും പുറത്തിറങ്ങാനോ പ്രതികരിക്കാനോ തയ്യാറായില്ല. കെപിസിസി ഓഫിസില്‍ മാധ്യമങ്ങളെ കാണാമെന്ന് സ്റ്റാഫ് അറിയിച്ചത് മാത്രമായിരുന്നു ഏക പ്രതികരണം. ഇതിനിടെയില്‍ കോവളം എംഎല്‍എ എം വിന്‍സെന്‍റ് വസതിയിലെത്തിയെങ്കിലും കാണാനോ ചര്‍ച്ചയ്‌ക്കോ ആന്‍റണി തയ്യാറായില്ല. ഇതോടെ ഉടന്‍ തന്നെ വിന്‍സെന്‍റ് മടങ്ങുകയും ചെയ്‌തു.

പ്രധാന നേതാക്കളില്ലാതെ ഇന്ദിരാഭവന്‍:വിന്‍സെന്‍റ് മാത്രമാണ് ഈ വാര്‍ത്ത അറിഞ്ഞ് അഞ്ജനത്തിലെത്തിയ ഏക കോണ്‍ഗ്രസ് നേതാവ്. ഇതിനിടയില്‍ ഭക്ഷണവുമായി വീടിനുമുന്നിലെത്തിയ കാറ്ററിങ് സ്ഥാപനത്തിന്‍റെ വാഹനത്തെ സ്റ്റാഫ് അംഗങ്ങള്‍ വൃദ്ധസദനത്തിലേക്ക് അയച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് വസതിയില്‍ നിന്നും കെപിസിസി ഓഫിസിലേക്ക് ആന്‍റണി തിരിച്ചത്. കെപിസിസി ഓഫിസിലും പ്രധാന നേതാക്കള്‍ ആരുമുണ്ടായിരുന്നില്ല. ചെറിയാന്‍ ഫിലിപ്പ്, പന്തളം സുധാകരന്‍ അടക്കം ചുരുക്കം ചിലര്‍ മാത്രമാണുണ്ടായിരുന്നത്.

READ MORE|അനില്‍ ആന്‍റണി ബിജെപിയില്‍, എകെ ആന്‍റണി അഞ്ചരയ്ക്ക് മാധ്യമങ്ങളെ കാണും

വികാരാധീനനായി മാധ്യമങ്ങളോട് കുറച്ചുവാക്കുകളില്‍ മാത്രം പ്രതികരിച്ച ആന്‍റണി മറ്റ് ചോദ്യങ്ങള്‍ക്കൊന്നും നില്‍ക്കാതെ വേഗത്തില്‍ കെപിസിസി ഓഫിസിലേക്ക് കയറിപ്പോയി. ഓഫിസില്‍വച്ച് ചുരുക്കം ചില നേതാക്കളുമായി ചര്‍ച്ച നടത്തി. ആന്‍റണിയുടെ പ്രതികരണത്തിന് തൊട്ടുമുന്‍പുതന്നെ ഇളയമകന്‍ അജിത്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. 'ജയ്ഹിന്ദ്' എന്നായിരുന്നു കൈപ്പത്തി ചിഹ്നത്തിന്‍റെ ചിത്രത്തോടൊപ്പമുള്ള അദ്ദേഹത്തിന്‍റെ പോസ്റ്റ്.

'സ്വഭാവമാറ്റം' ആന്‍റണി ഡല്‍ഹി വിട്ടതോടെ..? :അനിലുമായി രാഷ്ട്രീയ കാര്യങ്ങളൊന്നും ഇപ്പോള്‍ എകെ ആന്‍റണി ചര്‍ച്ച ചെയ്യാറില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് ഡല്‍ഹിയില്‍ നിന്ന് ആന്‍റണി തിരുവനന്തപുരത്തേക്ക് മടങ്ങിയതുമുതല്‍ അനിലിന്‍റെ രാഷ്ട്രീയം മറ്റൊരു ദിശയിലേക്ക് മാറുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്താന്‍ പലകുറി ആന്‍റണി മകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം.

READ MORE|'അനിലിന്‍റെ തീരുമാനം വേദനാജനകം, മരണം വരെയും താൻ കോണ്‍ഗ്രസുകാരനായിരിക്കും'; വികാരാധീനനായി എ കെ ആന്‍റണി

ബിബിസി ഡോക്യുമെന്‍ററി വിഷയത്തില്‍ മോദി അനുകൂല നിലപാട് സ്വീകരിച്ചപ്പോഴോ രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറഞ്ഞ് രൂക്ഷമായി വിമര്‍ശിച്ചപ്പോഴോ ആന്‍റണി ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍, അനില്‍ ബിജെപിയില്‍ അംഗത്വമെടുത്തതോടെ പൂര്‍ണമായും തള്ളിപ്പറഞ്ഞും ഇനി ഒരു ചോദ്യത്തിനും മറുപടി പറയില്ലെന്നും വൈകാരികമായി പറഞ്ഞ് അവസാനിപ്പിക്കുകയാണ് അദ്ദേഹം ചെയ്‌തത്. ബിജെപി ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പിയുഷ് ഗോയലില്‍ നിന്നാണ് അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്.

ABOUT THE AUTHOR

...view details