തിരുവനന്തപുരം: എ കെ ആന്‍റണിയുടെ (AK Antony) മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ (BJP) ചേര്‍ന്നത് കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയത്തിന് വിലക്കു വന്നതു കൊണ്ടാണെന്ന വിചിത്ര വാദമുയര്‍ത്തി ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണി (Elizabeth Antony). എകെ ആന്‍റണിയുടെ സ്വദേശമായ ആലപ്പുഴയിലെ (Alappuzha) ഒരു ധ്യാന കേന്ദ്രത്തില്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ശേഷം ലഭിച്ച ദൈവീക അനുഭവം പങ്കുവച്ചു കൊണ്ട് എലിസബത്ത് നടത്തുന്ന പ്രസംഗത്തിലാണ് മകന്‍റെ ബിജെപി പ്രവേശം സംബന്ധിച്ച വെളിപ്പെടുത്തല്‍ (AK Antony Wife Revelation on Sons BJP Entry). മകന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച വിവരം തന്നെ അറിയിച്ച നിമിഷം മുതല്‍ തനിക്ക് ബിജെപിയോടുള്ള അറപ്പും വെറുപ്പും വിദ്വേഷവും മാറിയെന്നും ആന്‍റണിയുടെ ഭാര്യ വെളിപ്പെടുത്തുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നത്.
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പൂരില്‍ എഐസിസി 2022 ല്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിരില്‍ (Chintan Shivir) മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം കൊണ്ടുവന്നതോടെ തന്‍റെ രണ്ടു മക്കളുടെയും രാഷ്ട്രീയ ഭാവി അടഞ്ഞു. എന്‍ജിനീയറിങില്‍ ബിരുദം നേടി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ (Stanford University) ഉപരി പഠനം കഴിഞ്ഞപ്പോള്‍ അവിടെ അനില്‍ ആന്‍റണിക്കു മികച്ച ജോലി ലഭിച്ചു. പക്ഷേ രാഷ്ട്രീയത്തില്‍ വലിയ താത്പര്യം ആയതു കൊണ്ടു തിരിച്ചു നാട്ടിലേക്കു മടങ്ങി.
രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ചിന്തന്‍ ശിവിറിലെ പ്രമേയം തടസമായി. എത്ര ആഗ്രഹിച്ചാലും രണ്ടു മക്കള്‍ക്കും രാഷ്ട്രീയത്തിലിറങ്ങാന്‍ കഴിയില്ലെന്നു ബോദ്ധ്യമായി. എകെ ആന്‍റണിയാകട്ടെ ഇതിനു വേണ്ടി ഒന്നും ചെയ്യുകയുമില്ല. ഇതോടെ നിരാശയിലായ താന്‍ ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തിലെത്തി വിശുദ്ധ കന്യാമറിയത്തിനു മുന്നില്‍ (അമ്മ) നിയോഗം വച്ചു. പിന്നീട് പ്രതീക്ഷിക്കാതെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പെട്ടെന്ന് ബിബിസി ഡോക്യുമെന്‍ററിയുമായി (BBC Documentary) ബന്ധപ്പെട്ട വിവാദം ഉണ്ടാകുകയും അതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ മകനെ ബന്ധപ്പെടുത്തി വലിയ വിവാദമുണ്ടാകുകയും ചെയ്‌തു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് കണ്ട് 'അമ്മ'യോടു കരഞ്ഞു പ്രാര്‍ഥിച്ചു.