തിരുവനന്തപുരം:അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ തിരുവനന്തപുരം - ദുബായ് എക്‌സ്പ്രസ് വിമാനം. എസി തകരാര്‍ മൂലമാണ് ഫ്ലൈറ്റ് അടിയന്തരമായി തിരിച്ചിറക്കിയത്. ഉച്ചക്ക് 1.30നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്‌തത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വൈകിട്ട് 3.20ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
തകരാര്‍ പരിഹരിച്ചതിന് ശേഷം പുറപ്പെടുമെന്ന് വിമാനത്താവളത്തിന്‍റെ അധികൃതര്‍ അറിയിച്ചു. നിലവില്‍ അദാനി ഗ്രൂപ്പിനാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം. 2021 ഒക്ടോബറിലാണ് കേരള സര്‍ക്കാരിന്‍റെ എതിര്‍പ്പിനിടെ എയര്‍പോര്‍ട്ട് അതോറിറ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തത്. വിമാനത്താവളത്തിന്‍റെ 650 ഏക്കറിലേറെ വരുന്ന ഭൂമിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ നിക്ഷേപങ്ങളും ഉള്‍പ്പടെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.
അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന് കൈമാറിയ നടപടിയെ ചോദ്യം ചെയ്‌ത് സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയിസ് യൂണിയനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൈമാറ്റം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. അദാനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ലേല നടപടികള്‍ സുതാര്യമല്ലെന്നുമായിരുന്നു കേരളത്തിന്‍റെ വാദം. എന്നാല്‍ ലേല വ്യവസ്ഥയെ കേരളം ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.