തിരുവനന്തപുരം :സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനാംഗീകാരം വൈകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം ആയി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ ഡയറക്‌ടറെയും ചുമതലപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത എയ്‌ഡഡ് സ്‌കൂൾ മാനേജ്മെന്‍റുകളുടെ യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ നടപടി.
1996 മുതൽ 2017 വരെയുള്ള നിയമനങ്ങളിൽ നടപ്പാക്കേണ്ടിയിരുന്ന നാല് ശതമാനം ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ 2018 നവംബർ 18 മുതലുള്ള ഒഴിവുകളിൽ നികത്തണമെന്ന് കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നികത്താതെ 2018 നവംബർ മുതൽ നടത്തിയ നിയമനങ്ങൾ അംഗീകരിക്കില്ലെന്ന് സർക്കാരും അറിയിച്ചിരുന്നു. ഇതിനെതിരെ സ്‌കൂൾ മാനേജർമാരും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരും ഹൈക്കോടതിയിൽ ഹർജി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾക്ക് താത്കാലിക അംഗീകാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഇതിനെ തുടർന്ന് സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ സർക്കാർ മാർഗ നിർദേശം വന്നിരുന്നു. 2018 നവംബർ 18നും 2021 നവംബർ 7നും ഇടയിൽ വന്ന ഒഴിവുകളിലെ നിയമനങ്ങൾ താത്കാലികമായി അംഗീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്. മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകളിൽ ദിവസ വേതനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടത്തേണ്ടത്.
ഈ സാഹചര്യം പരിഗണിച്ച് ഇത്തരം നിയമനങ്ങൾക്ക് ഭിന്നശേഷി സംവരണം ബാധകമാക്കേണ്ടതില്ല. എന്നാൽ, ഇത്തരം സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടുമ്പോൾ സംവരണം നടപ്പിലാക്കണമെന്നും സർക്കാർ നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം, നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ അംഗീകാരം നൽകാൻ എന്തൊക്കെ ചെയ്യാൻ ആകുമെന്ന് പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.