തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 96 ശതമാനം പോളിങ്. കെപിസിസി ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പില്‍ 287 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 19ന് എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍.
ആകെയുള്ള 310 വോട്ടര്‍മാരില്‍ 3 പേര്‍ മരിച്ചു. 5 പേര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലും 2 പേര്‍ ഭാരത് ജോഡോ യാത്രയ്ക്കിടയിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ശശി തരൂര്‍ എംപി തിരുവനന്തപുരത്തായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.
മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, സി വി പത്മരാജന്‍, തെന്നല ബാലകൃഷണപിള്ള എന്നിവര്‍ വോട്ടു രേഖപ്പെടുത്താനെത്തി. സി വി പത്മരാജന്‍ പ്രായത്തിന്‍റെ അവശതകള്‍ മറന്നാണ് എത്തിയത്. ചികിത്സയില്‍ കഴിയുന്നതിനാല്‍ മുന്‍ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ വോട്ട് ചെയ്യാനെത്തിയില്ല. അതേസമയം ബലാംത്സംഗ കേസില്‍ പെട്ട എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയും വോട്ട് ചെയ്യാനെത്തിയില്ല.
സംസ്ഥാനത്തിന്‍റെചുമതലയുള്ള ചീഫ് റിട്ടേണിങ് ഓഫിസര്‍ ജി പരമേശ്വര, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ അറിവഴകന്‍ എന്നിവരും കെപിസിസി ആസ്ഥാനത്താണ് വോട്ട് രേഖപ്പെടുത്തിയത്. പെട്ടികള്‍ സീല്‍ ചെയ്‌ത് നാളെ (ഒക്‌ടോബര്‍ 18) ദില്ലിയിലെ എഐസിസി ആസ്ഥാനത്തെത്തിക്കുമെന്ന് ചീഫ് റിട്ടേണിംഗ് ഓഫിസര്‍ ജി പരമേശ്വര വോട്ടെടുപ്പിന് ശേഷം അറിയിച്ചു.