കേരളം

kerala

ETV Bharat / state

എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഉടൻ പിഴ ഈടാക്കില്ല; വിവാദത്തിലെ അന്വേഷണങ്ങൾക്ക് ശേഷം നടപടി - കെൽട്രോണും മോട്ടോർ വാഹന വകുപ്പും

മെയ് 19 വരെ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ലെന്നും ബോധവൽക്കരണ നോട്ടീസ് അയക്കുമെന്നും മെയ് 20 മുതൽ പിഴ ഈടാക്കുമെന്നുമായിരുന്നു ആദ്യ അറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ മെയ് 20 മുതൽ പിഴ ഈടാക്കാനുള്ള സാധ്യതകളും മങ്ങുകയാണ്.

എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക്  എഐ കാമറ  Violations will not be penalized immediately  AI Camera  എഐ കാമറ വിവാദം  കെൽട്രോണും മോട്ടോർ വാഹന വകുപ്പും  മന്ത്രി ആന്‍റണി രാജു
എഐ കാമറ

By

Published : May 4, 2023, 12:40 PM IST

തിരുവനന്തപുരം:എഐ കാമറ കരാറിലെ അഴിമതി ആരോപണം സംബന്ധിച്ച വിവാദം രൂക്ഷമായിരിക്കെ, എഐ കാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഉടൻ പിഴ ഈടാക്കില്ല. വിവാദം സംബന്ധിച്ച അന്വേഷണങ്ങൾക്ക് ശേഷം മതി ധാരണപത്രമെന്ന നിലപാടിലാണ് കെൽട്രോണും മോട്ടോർ വാഹന വകുപ്പും. വിവാദങ്ങളിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ട ശേഷം മാത്രമാകും ഇരുവരും തമ്മിൽ ധാരണപത്രം ഒപ്പിടുക.

പിഴ വൈകും: അതുവരെ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് വൈകാനാണ് സാധ്യതയെന്നാണ് സൂചന. ഏപ്രിൽ 20 ന് നടന്ന എഐ കാമറകളുടെ ഉദ്‌ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത് മെയ് 19 വരെ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ലെന്നും ബോധവൽക്കരണ നോട്ടീസ് അയക്കുമെന്നും മെയ് 20 മുതൽ പിഴ ഈടാക്കുമെന്നുമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ മെയ് 20 മുതൽ പിഴ ഈടാക്കാനുള്ള സാധ്യതകളും മങ്ങുകയാണ്.

മന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് നിയമലംഘനങ്ങൾക്ക് ബോധവൽക്കരണ നോട്ടീസ് അയക്കുന്ന കാര്യത്തിലടക്കം വൻ വീഴ്‌ചയാണ് സംഭവിച്ചത്. പിഴ ഈടാക്കാതെ നോട്ടീസ് പ്രിന്‍റെടുത്ത് രജിസ്‌റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് നൽകണമെന്നായിരുന്നു കെൽട്രോണിന്‍റെ ആവശ്യം. ഇത് നിഷേധിച്ച മോട്ടോർ വാഹനവകുപ്പ് കരാർ പ്രകാരം ഇതെല്ലം ചെയ്യേണ്ടത് കെൽട്രോണിന്‍റെ ചുമതലയാണെന്ന് നിലപാടെടുത്തു. ഇതോടെ ബോധവൽക്കരണ നോട്ടീസ് അയക്കുന്ന കാര്യവും അവതാളത്തിലായി.

വിടാതെ പ്രതിപക്ഷം: എഐ കാമറ വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് പ്രതിപക്ഷം. വിഷയത്തിൽ ഈ മാസം 20 ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കോൺഗ്രസ്. ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് കാസര്‍കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഐ കാമറ പദ്ധതിയെ വ്യവസായ മന്ത്രി പി രാജീവ് ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും ഈ സാഹചര്യത്തിൽ അന്വേഷണം എങ്ങനെ മുന്നോട്ട് പോകുമെന്നും വ്യവസായ വകുപ്പിന്‍റെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണെന്നും സതീശൻ ചോദിച്ചു.

ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലും രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കെല്‍ട്രോണ്‍, എസ്‌ആര്‍ഐടി, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്ന് വന്‍ അഴിമതിക്കു വേണ്ടി ഗൂഢാലോചന നടത്തുകയാണ് ആദ്യം ചെയ്‌തതെന്നും ഗൂഢാലോചനയുടെ ഭാഗമായി ഈ മൂന്നു പേരും ചേര്‍ന്ന് വ്യാജ എസ്റ്റിമേറ്റ് തയ്യാറാക്കിയെന്നും വിഡി സതീശൻ ആരോപിച്ചു.

എഐ കാമറയില്‍ തുടങ്ങിയ അഴിമതി ആരോപണം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷം. വിഡി സതീശനൊപ്പം മുൻ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തലയും രൂക്ഷമായ ആരോപണങ്ങളാണ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമാണെന്നാണ് ചെന്നിത്തല ഇന്ന് ആരോപിച്ചത്. അഴിമതിയില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. അഴിമതി നടത്തുന്നതില്‍ ശാസ്ത്രീയമായ രീതിയാണ് സർക്കാർ അവലംബിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details