തിരുവനന്തപുരം:സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഇന്ന് രാവിലെ 8 മണി മുതൽ പിഴ ഈടാക്കും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഉപയോഗം, അമിത വേഗം, ഇരുചക്ര വാഹനങ്ങളിൽ ഒന്നിലധികം പേരുടെ യാത്ര, അനധികൃത പാർക്കിങ് അടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് പിഴ ഈടാക്കുന്നത്.
എന്നാൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടിക്ക് മൂന്നാമത്തെ യാത്രക്കാരനായി കണക്കാക്കി തത്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
എഐ കാമറ പദ്ധതിക്കായി കെൽട്രോൺ കരാർ നൽകിയ എസ്ആർഐടി കമ്പനി ഉപകരാർ നൽകിയതിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളും പദ്ധതി ചെലവ് സംബന്ധിച്ച അഴിമതി ആരോപണങ്ങളും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവർത്തിച്ച് ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അവയെല്ലാം അവഗണിച്ച് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്.
അതേസമയം എഐ കാമറ പിഴ ഈടാക്കി തുടങ്ങുന്ന ഇന്ന് വൈകിട്ട് 4 മണിക്ക് കാമറകൾ സ്ഥാപിച്ചിരിക്കുന്ന വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് സത്യാഗ്രഹം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ എഐ കാമറകൾ പ്രവർത്തനം ആരംഭിച്ചത് മുതൽ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞുവെന്നാണ് ഗതാഗത മന്ത്രി കണക്കുകൾ നിരത്തി വ്യക്തമാക്കിയത്. കാമറ ഉദ്ഘാടനം ചെയ്യുന്ന ദിവസം 4,23,000 ആയിരുന്ന നിയമ ലംഘനങ്ങൾ അടുത്ത ദിവസം ആയപ്പോൾ 2,85,000 ആയി കുറഞ്ഞു.