കേരളം

kerala

ETV Bharat / state

AI Camera: എഐ കാമറ വഴി കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് തപാൽ വഴി പിഴ നോട്ടിസ് അയച്ചത് 13,318 പേർക്ക് - ai camera kerala

എഐ കാമറ വഴി കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങളിൽ 40,312 കേസുകളാണ് പരിവാഹൻ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്‌തിട്ടുള്ളത്.

ai camera updates  traffic violation updates Kerala  ട്രാഫിക് നിയമലംഘനങ്ങൾ  traffic violation in kerala  kerala news  Motor vehicle department  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്  എഐ കാമറ  മോട്ടോർ വാഹന വകുപ്പ്  ai camera kerala
എഐ കാമറ വഴി കണ്ടെത്തിയ നിയമ ലംഘനങ്ങൾ

By

Published : Jun 13, 2023, 10:10 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ കാമറ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) വഴി കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് ഇതുവരെ തപാൽ വഴി പിഴ നോട്ടിസ് അയച്ചത് 13,318 പേർക്ക്. തുടർ നടപടികൾക്കായി 40,312 നിയമ ലംഘനങ്ങളാണ് പരിവാഹൻ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്‌തിട്ടുള്ളത്. ഇതുവരെ ആകെ 24,990 ഇ- ചലാനുകളാണ് ജനറേറ്റ് ചെയ്‌തതെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

അതേസമയം സെപ്റ്റംബർ ഒന്ന് മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രൈവർക്കും ഡ്രൈവറിന് സമാന്തരമായി മുൻ സീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാരനുമാണ് സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അറിയിച്ചത്. എഐ കാമറകളുടെ പ്രവർത്തനക്ഷമത വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ജൂൺ അഞ്ചിന് രാവിലെ എട്ട് മണി മുതൽ ജൂൺ എട്ട് രാത്രി 12 മണി വരെ 3,52,730 നിയമ ലംഘനങ്ങളാണ് എഐ കാമറ വഴി കണ്ടെത്തിയത്. 726 എഐ കാമറകളായിരുന്നു സംസ്ഥാനത്താകെ സ്ഥാപിച്ചത്. എന്നാൽ 692 കാമറകളാണ് നിലവിൽ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇതിന് പുറമെ രണ്ട് കാമറകൾ കൂടി പുതുതായി സ്ഥാപിച്ചതായി ഗതാഗത മന്ത്രി അറിയിച്ചു. കൊട്ടാരക്കരയിലും നിലമേലിലുമാണ് പുതുതായി കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. സർക്കാർ ബോർഡ് വച്ച് ഓടുന്ന 56 വാഹനങ്ങൾ നിയമ ലംഘനം നടത്തിയതായും എഐ കാമറ കണ്ടെത്തിയിട്ടുണ്ട്.

എഐ കാമറ പദ്ധതിക്കെതിരെ വ്യാപക ആക്ഷേപങ്ങളാണ് ഉയർന്നതെങ്കിലും കാമറകൾ സ്ഥാപിച്ചതിന് പിന്നാലെ റോഡ് അപകട മരണങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് ഗതാഗത മന്ത്രി കണക്കുകൾ നിരത്തി വ്യക്തമാക്കിയത്. കേരളത്തിൽ ഒരു ദിവസം ശരാശരി 12 പേരാണ് റോഡ് അപകടങ്ങളിലൂടെ മരണപ്പെടുന്നതെങ്കിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 28 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. എഐ കാമറകളുടെ ഇതുവരെയുള്ള പ്രവർത്തനം തൃപ്‌തികരമാണെന്നാണ് വിലയിരുത്തൽ. നിലവിലുള്ള ന്യൂനതകളെല്ലാം പരിഹരിച്ച് ഒരു മാസത്തിനുള്ളിൽ കാമറകളെ പൂർണ സജ്ജമാക്കും.

ALSO READ :Seat belts for heavy vehicles: കെഎസ്‌ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

ജൂൺ എട്ട് വരെയുള്ള കണക്കനുസരിച്ച് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്‌തവർ 6153, മുൻസീറ്റിൽ കോ പാസഞ്ചർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 7896, അമിതവേഗം 2, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര 6, മൊബൈൽ ഫോൺ ഉപയോഗം 25, പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാത്തവർ 715, ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്ത നിയമലംഘനങ്ങൾ 4991, എന്നിങ്ങനെയാണ് എഐ കാമറ കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ഓരോ ആഴ്‌ചകൾ തോറും എഐ കാമറകളുടെ പ്രവർത്തനം വിലയിരുത്താൻ അവലോകന യോഗങ്ങൾ ചേരുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.

ABOUT THE AUTHOR

...view details