തിരുവനന്തപുരം :എഐ ക്യാമറ (AI Camera) വഴി ഗതാഗത നിയമ ലംഘനത്തിന് (Traffic violation) പിഴ ചുമത്തിയപ്പോൾ തിരികെ കിട്ടിയത് ഏഴ് മാസങ്ങൾക്ക് മുൻപ് മോഷണം പോയ സ്‌കൂട്ടർ. ഷിജു സി എന്നയാൾക്കാണ് എഐ ക്യാമറയുടെ പിഴ 'ഗുണം' ചെയ്‌തത്. തിരുവനന്തപുരത്താണ് സംഭവം.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വെള്ളായണി പുഞ്ചക്കരി സ്വദേശി ഷിജു സിയുടെ KL 01 BH 9944 നമ്പർ സ്‌കൂട്ടർ ചാലയിൽ വച്ച് മോഷണം പോയത്. പൊലീസിൽ പരാതി നൽകിയെങ്കിലും സ്‌കൂട്ടർ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ഗതാഗത നിയമലംഘനങ്ങൾ കുറയ്‌ക്കാനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകള്‍ രക്ഷകനായത് (AI Camera recovered stolen scooter).
ഈ വർഷം ജൂൺ അഞ്ച് മുതലാണ് എ ഐ ക്യാമറകള്‍ പിഴ ഈടാക്കാൻ ആരംഭിച്ചത്. മോഷണം പോയ സ്‌കൂട്ടറിന് ഇതുവരെ മൂന്ന് ചെലാനുകൾ ലഭിച്ചു. ചെലാനുകൾ അയച്ചതിന്‍റെ മെസേജ് ആർസി ഓണറായ ഷിജുവിന്‍റെ മൊബൈലിലേക്കാണ് ലഭിച്ചത്. പിന്നാലെ ഷിജു തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്‍റിന് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ആർടിഒ അജിത് കുമാറിന്‍റെ നിർദേശപ്രകാരം, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരായ വിജേഷ് വി, അരുൺ മുഹമ്മദ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സ്‌കൂട്ടറുമായി കടന്നവർ നിയമലംഘനം നടത്തിയ ക്യാമറ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പരിശോധനയിൽ ആര്യനാട് ഭാഗത്തുള്ള വ്യക്തികളാണ് വാഹനം ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് (ഓഗസ്റ്റ് 21) രാവിലെ ആര്യനാട് ഭാഗത്ത് നിന്ന് സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടർ ആർസി ഓണറായ ഷിജുവിന് കൈമാറുമെന്നും കേസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്‍റ് അധികൃതർ അറിയിച്ചു.
'പിടിവീണാല്‍ പിഴ അടയ്ക്കണം, ഇല്ലെങ്കില്‍ മുട്ടൻ പണി': റോഡിലെ നിയമലംഘനത്തിന് എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ക്യാമറ ചുമത്തുന്ന പിഴ അടയ്ക്കാൻ വിമുഖത കാട്ടുന്നവർക്ക് പൂട്ടിടാനാണ് സർക്കാരിന്‍റെ ഒരുക്കം. വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഇനി മുതൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ പൂർണമായും അടച്ചുതീർക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് ഗതാഗത മന്ത്രി ആന്‍റണി രാജു.
തുടർച്ചയായി ഗതാഗത നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്‌ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ സാധാരണ കരിമ്പട്ടികയില്‍ ഉൾപ്പെടുത്താറുണ്ട്. ഇത് കൂടാതെയാണ് ഇപ്പോൾ ഇൻഷുറൻസ് തടയാനുള്ള നടപടികളും സർക്കാർ ആലോചിക്കുന്നത്.
READ MORE:AI Camera |'പിടിവീണാല്‍ പിഴ അടയ്ക്കണം, ഇല്ലെങ്കില്‍ മുട്ടൻ പണി'; ഇന്‍ഷുറന്‍സ് കമ്പനികളുമായി മന്ത്രിയുടെ ചർച്ച
അതേസമയം ഇൻഷുറൻസ് പുതുക്കുന്നതിന് മറ്റ് മാനദണ്ഡങ്ങൾ ഇതുവരെയില്ല. എന്നാൽ എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് ഗതാഗത വകുപ്പ് കടക്കുന്നത്. ഇതുവരെ എ ഐ ക്യാമറ വഴി 3,82,580 ഇ ചെലാനുകളാണ് ജനറേറ്റ് ചെയ്‌തത്. പിഴയായി കണക്ക് കൂട്ടിയിരിക്കുന്ന തുക 25.81 കോടി രൂപയാണ്. ഇതിൽ പിഴത്തുകയായി ഇതുവരെ ലഭിച്ചത് 3.37 കോടി രൂപ മാത്രമാണ്.