തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് എഐ കാമറകൾ സ്ഥാപിച്ചതിനു പിന്നാലെ ഡ്രോൺ എഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇതിനുള്ള ശുപാർശ ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത്, സർക്കാരിന് കൈമാറി. ഓരോ ജില്ലകളിലും 10 ഡ്രോൺ എഐ കാമറകൾ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. 400 കോടി രൂപയുടെ ആകെ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്.
കാമറ കണ്ണെത്തുന്നില്ല: എഐ കാമറകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഇപ്പോഴും നിയമലംഘനം വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ഡ്രോൺ എഐ കാമറകൾ വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് മോട്ടോർവാഹനവകുപ്പ് വിലയിരുത്തുന്നത്. എന്നാല്‍ മോട്ടോർ വാഹന വകുപ്പിന്‍റെ ശുപാർശയിൽ മറ്റ് സാങ്കേതിക വശങ്ങളും കൂടി പരിഗണിച്ച ശേഷമാകും സർക്കാർ തീരുമാനമെടുക്കുക.
അതേസമയം എഐ കാമറകൾ വന്നതോടെ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. മാത്രമല്ല കേരളത്തിൽ എഐ കാമറകൾ സ്ഥാപിച്ച അതേ മാതൃകയിൽ തമിഴ്‌നാട്ടിലും എഐ കാമറകൾ സ്‌ഥാപിക്കാൻ തയാറെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഗതാഗത മന്ത്രി ആന്റണി രാജുവുമായും കെൽട്രോണിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
വിവാദ കാമറ: 232 കോടി രൂപ ചെലവിലാണ് സംസ്ഥാനത്ത് 726 എഐ കാമറകൾ സ്ഥാപിച്ചത്. പദ്ധതി ചെലവിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. പദ്ധതിയിലെ കരാറിലും ഉപകരാറിലുമാണ് പ്രധാനമായും പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും എതിരായി ആയിരുന്നു ആരോപണങ്ങൾ ഉയർന്നത്.